രഹസ്യങ്ങളുടെ കാവല്‍ഭടന്‍ അതാണ് സരിന്‍; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും- എ.കെ.ബാലന്‍

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഡോ.പി.സരിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് സി.പി.എം. നേതാവ് എ.കെ.ബാലന്‍. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഔപചാരിക പ്രഖ്യാപനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി നടത്തും. നേതൃയോഗങ്ങള്‍ക്ക് ശേഷമായിരുക്കും പ്രഖ്യാപനം. നിരവധി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും മുന്നിലുണ്ട് അതിനെക്കുറിച്ച് വിവിധതട്ടുകളില്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. അതാണ് പാര്‍ട്ടിയുടെ നടപടിക്രമമെന്നും അദ്ദേഹം പറഞ്ഞു.

“സ്ഥാനാര്‍ഥിയെ സ്വീകരിക്കുന്നതില്‍ നടപടിക്രമമുണ്ട്. അതിനെക്കുറിച്ച് സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. അതിനുശേഷം സംസ്ഥാനകമ്മിറ്റിയ്ക്ക് അയക്കും. സംസ്ഥാനകമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. വീണ്ടും കമ്മിറ്റി ചേര്‍ന്ന് പ്രപ്പോസല്‍ അയക്കും. എന്നാല്‍ വിഷയത്തില്‍ അഭിപ്രായവ്യത്യാസമില്ലെങ്കില്‍ ഈ പ്രക്രിയ ആവശ്യമില്ല.

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. അത് ഗൗരവമായി കേരളീയ സമൂഹം ചര്‍ച്ച ചെയ്യണം. അതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാനഭാഗം. എങ്ങനെയാണ് വടകര ഡീല്‍ നടന്നതെന്ന് വ്യക്തമല്ല. വടകരയില്‍ ലോക്‌സഭതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി.ക്കാരുടെ വീട്ടില്‍ പോയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഷാഫിയ്ക്കാണ് വോട്ട് ചെയ്യുന്നതെന്ന് പറയും. അതിന് പ്രത്യുപകാരമായി പാലക്കാട് ജില്ലയില്‍ ഞങ്ങള്‍ക്ക് ഗുണം കിട്ടുമെന്ന് ബി.ജെ.പിക്കാരുടെ വീട്ടില്‍ സ്ത്രീകള്‍ വരെ പറഞ്ഞിട്ടുണ്ട്.”, എ.കെ ബാലൻ പറഞ്ഞു

“സരിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമായ പ്രശ്‌നമാണ്. എങ്ങനെയാണ് എല്‍.ഡി.എഫിനേയും ഗവണ്‍മെന്റിനേയും പിണറായി വിജയനേയും ഒറ്റപ്പെടുത്താന്‍ ആര്‍.എസ്.എസും ബി.ജെ.പിയുമായി ഇവര്‍ ഡീല്‍ നടത്തിയതെന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് സരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹം ഇനിയും കാര്യങ്ങള്‍ സൂചിപ്പിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അതായിരിക്കും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം.

സംഘടനാപരമായും രാഷ്ടീയപരമായും യു.ഡി.എഫില്‍ നിന്ന് മാറാന്‍ സരിൻ നിര്‍ബന്ധിക്കപ്പെട്ടത് എങ്ങനെയാണെന്നുള്ളതിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്നലെ വന്നിട്ടുള്ളത്. വടകരയിലെ കാര്യം ഞങ്ങള്‍ക്ക് നേരെത്തെയറിയാമായിരുന്നു. സരിന്‍ പറയാതെ തന്നെയറിയാമായിരുന്നു. വടകരയിലെ ബി.ജെ.പിക്കാരന്റെ വീട്ടില്‍ വിളിച്ചുചോദിച്ചാല്‍ ആര്‍ക്കാണ് വോട്ട് ചോദിച്ചതെന്ന് അറിയാന്‍ കഴിയും. വലിയൊരു ഗൂഡാലോചന നടന്നതായി ഞങ്ങള്‍ പറഞ്ഞിരുന്നു”. ഇപ്പോള്‍ അതിന്റെ രഹസ്യത്തിന്റെ ഉള്ളറകളിലെ കാവല്‍ഭടന്‍ അതാണ് സരിനെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top