‘അൻവറിനെ പൊലീസ് അസോ. സമ്മേളനത്തിന്‍റെ ഉദ്ഘാടകനാക്കിയത് തെറ്റായ നടപടി’; കൊല്ലപ്പെട്ട ഒതായി മനാഫിന്റെ കുടുംബം

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അൻവറിനെതിരെ കൊല്ലപ്പെട്ട ഒതായി മനാഫിൻ്റെ കുടുംബം. പി വി അൻവർ പ്രതിയായിരുന്ന വധക്കേസിൽ പ്രധാന സാക്ഷികളെ വിസ്തരിക്കേണ്ട സാഹചര്യത്തിൽ പി വി അൻവറിനെ കൊണ്ട് പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം വിമര്‍ശിച്ചു. പൊലീസ് നടപടി നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം കുറ്റപ്പെടുത്തി. 

വിചാരണ നടക്കുന്ന കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ അടക്കം വിസ്തരിക്കാനുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും വേണ്ടിയാണ് സമ്മേളനത്തിന് പി വി അൻവറിനെ ഉദ്ഘാടകനായി എത്തിച്ചത്. നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കാത്തതിന് ജില്ലാ പൊലീസ് മേധാവിയെ അടക്കം ആക്ഷേപിക്കുന്ന അൻവർ തനിക്കെതിരെ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേസിൽ പ്രതികൾ ആയിട്ടുള്ള രണ്ട് പേരെ 25 വർഷത്തോളം അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചത് മലപ്പുറത്തെ പൊലീസാണെന്നും ഒതായി മനാഫിന്റെ കുടുംബം ആരോപിച്ചു.

മലപ്പുറം എസ് പിയെ പി വി അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. പി വി അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎല്‍എ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷൻ, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Back To Top