ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടക്കില്ല, അത് BJPയുടെ തട്ടിപ്പ്’: പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തിൽ മുസ്‌ലിം ലീഗ് എം പിമാർ ഇടപടലുകൾ നടത്തിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എംപി. ലോ കമ്മീഷന് മുന്നിലും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയിൽ നടക്കില്ലെന്നും ബിജെപിക്ക് ഇത് നടപ്പാക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’നെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മിറ്റിയെ മുസ്ലിം ലീ​ഗ് അടക്കമുള്ള ചില പാർട്ടികൾ അഭിപ്രായമറിയിച്ചില്ലെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

മുസ്‌ലിം ലീഗ്, കേരളാ കോൺഗ്രസ് (എം), എൻസിപി, ആർഎസ്പി, ജെഡി(എസ്), ആർജെഡി, ബിആർഎസ്, നാഷണൽ കോൺഫറൻസ്, ജെഎംഎം, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, ടിഡിപി, രാഷ്ട്രീയ ലോക്ദൾ, ശിരോമണി അകാലിദൾ തുടങ്ങിയ പാർട്ടികൾ അഭിപ്രായമറിയിക്കാതെ വിട്ടുനിന്നുവെന്നായിരുന്നു റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭ അം​ഗീകരിച്ചത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back To Top