മോഹൻലാലിന്റെ മാത്യു മാത്രമല്ല വർമനും തിരിച്ചെത്തും; ജയിലർ 2-ല്‍ വിനായകനും ഉണ്ടാകും? റിപ്പോർട്ട്

രജിനിക്കൊപ്പം കട്ടയ്ക്ക് നിന്ന വില്ലനായിരുന്നു വിനായകൻ്റെ വർമൻ

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യ ഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളുണ്ട്. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ മലയാളി താരം വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രജിനിക്കൊപ്പം കട്ടയ്ക്ക് നിന്ന വില്ലനായിരുന്നു വിനായകന്റേത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിനായിട്ടാണ് വിനായകൻ ജോയിൻ ചെയ്തതെന്നാണ് ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഫ്ലാഷ്ബാക്ക് സീനിൽ ഉൾപ്പടുന്ന ഭാഗങ്ങൾ ആകും ഇതെന്നാണ് സൂചന. ചിത്രത്തിൽ സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. മികച്ച റോളുകൾ തന്നെ നെൽസൺ ഈ മലയാളി അഭിനേതാക്കൾക്ക് നൽകുമെന്നാണ് പ്രതീക്ഷ.

നിലവിൽ കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അതേസമയം രജനികാന്ത് കോഴിക്കോട് ഷെഡ്യൂളിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി തിരിച്ചുപോയി. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top