‘നീലേശ്വരം അപകടത്തിൽ ഗുരുതരവീഴ്ച’; ചുരുങ്ങിയ സുരക്ഷാക്രമീകരണങ്ങൾ പോലും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചെറിയ തോതിൽ പടക്കങ്ങള്‍ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി തേടേണ്ടതുണ്ട്. 100 മീറ്റര്‍ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. പടക്കങ്ങള്‍ സൂക്ഷിച്ച ക്ഷേത്രത്തിന് സമീപത്തെ കലവറയിൽ നിന്ന് തന്നെയാണ് പടക്കങ്ങള്‍ പൊട്ടിച്ചതും. പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് വെച്ച് തന്നെ പടക്കങ്ങള്‍ പൊട്ടിച്ചതാണ് അപകട കാരണം.

ഇവിടെ നിന്ന് ആളുകളെ മാറ്റിനിർത്തിയില്ല. പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ പാലിക്കേണ്ട കുറഞ്ഞ സുരക്ഷ പോലും ഒരുക്കിയിരുന്നില്ല. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയ്ക്ക് സമീപവും ആളുകള്‍ ഇരുന്നിരുന്നുവെന്നും നിലവില്‍ അലക്ഷ്യമായി പടക്കങ്ങള്‍ കൈകാര്യം ചെയ്തതിന് കേസെടുത്തിട്ടുണ്ടെന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡി ശില്‍പ പറഞ്ഞു. 

ഇതിനിടെ, അപകടം ഉണ്ടായ ശേഷം രക്ഷാപ്രവർത്തനം വൈകിയെന്നും ആരോപണം ഉയര്‍ന്നു. അപകടം നടന്നിട്ടും തെയ്യം തുടർന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന മൈക്ക് അനൗൺസർ ശ്രീജിത്ത് പറഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റത് കണ്ട് താൻ അനൗൺസ് ചെയ്തതോടെ ആണ് രക്ഷാപ്രവർത്തനം തുടങ്ങിയതെന്നും ക്ഷേത്രം കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിൽ വീഴ്ചയുണ്ടായെന്നും ശ്രീജിത്ത് പറ‌ഞ്ഞു. അനുമതി തേടിയിട്ടില്ലെന്നും ഗുരുതര വീഴ്ചയുണ്ടായെന്നുമാണ് ജില്ലാ കളക്ടര്‍ ഇമ്പശേഖറും വ്യക്തമാക്കിയത്.


അപകടത്തിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ പരിയാര മെഡിക്കല്‍ കോളേജിൽ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.

കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരും സഞ്ജീവനി ആശുപത്രിയിൽ 10പേരും ഐശാല്‍ ആശുപത്രിയിൽ 17 പേരും പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ച് പേരും കണ്ണൂര്‍ മിംസിൽ 18പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ 18പേരുമാണ് ചികിത്സയിലുള്ളത്.

അര്‍ധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണം. തെയ്യം മഹോത്സവത്തിനായി പൊട്ടിക്കുന്നതിനായി കൊണ്ടുവന്ന ഓലപടക്കങ്ങളും മറ്റു പടക്കങ്ങളും ബോക്സുകളിലായി സൂക്ഷിച്ചുവെച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കലവറയിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇതിലേക്ക് പടക്കം പൊട്ടിയിലുള്ള തീപ്പൊരി വീണതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ കേസെടുത്ത പൊലീസ് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top