‘ഹമാസ് ഇനിയൊരിക്കലും പലസ്തീൻ ഭരിക്കില്ല’; ഗാസ സന്ദർശിച്ച് നെതന്യാഹു, കടൽത്തീരത്ത് വീഡിയോ ചിത്രീകരണം

ഗാസാസിറ്റി: യുദ്ധം തുടർന്നുകൊണ്ടിരിക്കെ, ​ഗാസയിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച്, ​ഗാസയിലെ കടത്തീരത്ത് നിന്നുകൊണ്ട് ‘ഹമാസ് ഇനി മടങ്ങിവരില്ലെന്ന്’ നെതന്യാഹു അവകാശപ്പെടുന്ന വീഡിയോ പുറത്തുവന്നു. അദ്ദേഹം തന്നെയാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്.

യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനിയൊരിക്കലും പലസ്തീൻ ഭരിക്കില്ലെന്നും ഹമാസിന്റെ സൈനിക ശേഷി ഇസ്രേയേൽസേന പൂർണമായി ഇല്ലാതാക്കിയെന്നും നെതന്യാഹു വീഡിയോയിൽ പറയുന്നുണ്ട്. ഗാസയിൽ കാണാതായ ഇസ്രയേലുകാരായ 101 ബന്ദികളെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചെത്തുന്ന ഓരോരുത്തർക്കും അഞ്ച് മില്യൺ ഡോളർ പാരിതോഷികം നൽകുമെന്നും വാ​ഗ്ദാനം ചെയ്തു. ബന്ദികളെ ഉപദ്രവിക്കാൻ തുനിയുന്നവരുടെ തലയിൽ രക്തം വീഴുമെന്നും അവരെ വേട്ടയാടി പിടികൂടുമെന്നും നെതന്യാഹു വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ സൈന്യത്തിന്റെ പ്രവർത്തനം നേരിട്ടറിയാനാണ് നെതന്യാഹു ​ഗാസയിലെത്തിയത് എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. പ്രതിരോധമന്ത്രിയും സൈനിക മേധാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഒരു വർഷത്തിലേറെയായി ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം നടക്കുന്ന ഗാസയിൽ 24 മണിക്കൂറിനിടെയുണ്ടായ ആക്രമണങ്ങളിൽ 50 പേരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ഇതോടെ ആകെ മരണം 43,972 ആയി. 1.04 ലക്ഷം പേർക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top