പാർലമെന്റിൽ വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന പരാതി: രാഹുൽ ഗാന്ധിക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: പാർലമെന്റിലെ സംഘർഷവുമായി ബന്ധപ്പെട്ട് വനിതാ എം പി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വിജയ കിഷോർ രഹത്കർ. ഇനി ഇത്തരം നടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം. രാഹുൽ ഗാന്ധിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നും വിജയ കിഷോർ പറഞ്ഞു.

നാഗാലാന്‍ഡില്‍ നിന്നുള്ള വനിത എംപി ഫാംഗ്‌നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. പാർലമെന്റിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ തന്റെ അടുത്തുവന്ന്​ ആക്രോശിച്ചുവെന്നും ഇത്​ തനിക്ക്​ അങ്ങേയറ്റം അസ്വസ്​ഥതയുണ്ടാക്കിയെന്നും കോണ്യാക്ക് പരാതിയിൽ പരാമർശിച്ചിരുന്നു. ത​ന്റെ അന്തസ്സും ആത്മാഭിമാനവും രാഹുൽ ഗാന്ധി കാരണം വ്രണപ്പെട്ടതായും ഇവർ ആരോപിച്ചു.

ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ എംപിമാർ തന്നെ തടഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും രാഹുൽ ​ഗാന്ധിയും ആരോപിച്ചിരുന്നു. സഭാ വളപ്പിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ബിജെപി എംപിയെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പ്രവേശിക്കുന്നത് ബിജെപി എംപിമാർ തടഞ്ഞതാണ് ഉന്തിലും തള്ളിലും കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top