വാഷിങ്ടണ്‍: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാര്‍മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഇനിയെന്ന് ഭൂമിയിലേക്ക് തിരിച്ചെത്തും എന്ന വിഷയത്തില്‍ നാസ ശനിയാഴ്ച അന്തിമ തീരുമാനമെടുക്കും.
ഇവരെ ഭൂമിയിലെത്തിക്കാന്‍ സ്വകാര്യ ബഹിരാകാശ സംരഭമായ സ്‌പേസ് എക്‌സിന്റെ പേടകത്തിന്റെ സഹായം ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ ശനിയാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനിക്കും.
‘ബഹിരാകാശ സഞ്ചാരികളെ ഉള്‍ക്കൊള്ളുന്ന സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയിലേക്ക് കൊണ്ടുവരണമോ എന്ന കാര്യത്തില്‍ ശനിയാഴ്ച ചേരുന്ന ഏജന്‍സി അവലോകന യോഗത്തില്‍ തീരുമാനിക്കും,’ നാസയുടെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
സ്‌പേസ് എക്‌സിന്റെ വരാനിരിക്കുന്ന ക്രൂ ഡ്രാഗണില്‍ രണ്ട് സീറ്റുകള്‍ ഘടിപ്പിച്ച് സുനിതാ വില്ല്യംസിനേയും ബുച്ച് വില്‍മോറിനേയും തിരിച്ചെത്തിക്കാനുള്ള ബാക്ക് അപ്പ് പ്ലാനാണ് നിലവില്‍ നാസയുടെ പരിഗണനയില്‍ ഉള്ളത്.
അവലോകന യോഗത്തില്‍ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ വില്‍സണ്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. എന്നാല്‍ യോഗത്തില്‍ സ്വീകരിക്കുന്ന തീരുമാനം സ്‌പേസ് എക്‌സിനും ബോയിംഗിനും നിര്‍ണായകമാകും എന്നാണ് സൂചന.
വര്‍ഷങ്ങളായി സ്വകാര്യ ബഹിരാകാശ സംരഭക രംഗത്ത് പ്രവര്‍ത്തിക്കുന്ന ബോയിങിന് കുറച്ച് വര്‍ഷങ്ങളായി സ്‌പേസ് എക്‌സുമായി കടുത്ത മത്സരത്തിലാണ്. അതിനാല്‍ നാസയുടെ തീരുമാനം ബോയിങിന് നിര്‍ണായകമാണ്. അതേസമയം സുനിതാ വില്യംസ് ഭാഗമായ സ്റ്റാര്‍ലൈനര്‍ പ്രൊജക്ട് വഴി ബോയിങിന് ഇതുവരെ 1.16 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
ജൂണ്‍ ആദ്യവാരമാണ് സുനിതാ വില്യംസിനേയും ബുച്ച് വില്‍മോറിനേയും വഹിച്ച് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. എന്നാല്‍ എട്ട് ദിവസത്തേക്ക് മാത്രം നിശ്ചയിച്ചിരുന്ന ദൗത്യം, പേടകത്തിന്റെ ക്യാപ്‌സൂള്‍ ചോര്‍ന്നതോടെ മാസങ്ങളോളം നീളുകയായിരുന്നു.
2006ലാണ് ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസ് ആദ്യമായി ബഹിരാകാശയാത്ര നടത്തുന്നത്. പിന്നീട് 2022 ല്‍ രണ്ടാമത്തെ യാത്ര നടത്തി. നാസയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡിനുടമയാണ് സുനിതാ വില്യംസ് . ഗുജറാത്തിലെ മൊഹ്‌സാന ജില്ലയിലെ ജുലാസനില്‍ ജനിച്ച സുനിത അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
അമേരിക്കയിലെ ടെന്നിസിയില്‍ ജനിച്ച ബുച്ച് വില്‍മോര്‍ നേവി ടെസ്റ്റ് പൈലറ്റാണ്. ഇതിന് മുമ്പ് മൂന്ന് ബഹിരാകാശ യാത്രകള്‍ നടത്തിയ ബുച്ച് വില്‍മോര്‍ 2009ലാണ് ആദ്യമായി ബഹിരാകാശ യാത്ര നടത്തുന്നത്.