സംഭൽ മസ്ജിദിലെ സർവേ നടപടികൾ തടയാൻ മുസ്‍ലിം ലീഗ് നിയമനടപടിയിലേക്ക്

ഡല്‍ഹി: യുപി സംഭൽ മസ്ജിദിലെ സർവേ നടപടികൾ തടയാൻ മുസ്‍ലിം ലീഗ് നിയമനടപടിയിലേക്ക്. മുതിർന്ന അഭിഭാഷകനായ കപിൽ സിബലുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് ഹാരിസ് ബീരാൻ എംപി പറഞ്ഞു. തുടർച്ചയായി പാർലമെന്‍റ് മുടങ്ങുന്നതിനാൽ സഭ പൂർണമായും സ്തംഭിപ്പിക്കേണ്ട എന്ന നിലപാടാണ് ലീഗിന്.

സംഭൽ മസ്ജിദിലെ സർവേ ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല എന്നാണ് ലീഗിന്‍റെ നിലപാട്. സംഭൽ വെടിവെപ്പില്‍ ആളുകൾ മരിക്കാനിടയായ സംഭവം പാർലമെന്‍റ് നടപടികൾ നിർത്തി വച്ചു ചർച്ച ചെയ്യണമെന്നു ആവശ്യപ്പെട്ട് ലീഗ് എംപിമാർ നൽകിയ നോട്ടീസ് ഇന്നും പരിഗണിച്ചിട്ടില്ല. തുടർച്ചയായി പാർലമെന്‍റ് സ്തംഭിപ്പിക്കാതെ ചർച്ചയ്ക്കുള്ള വാതിൽ തുറന്നിടണം എന്നാണ് ലീഗ് നിലപാട്. പാർലമെന്‍റ് നടപടി കൂടാതെ നിയമത്തിന്‍റെ വഴിയും ലീഗ് തിരഞ്ഞുതുടങ്ങി.

സംഭൽ സന്ദർശിക്കുമെന്ന പ്രഖ്യാപിച്ച കോൺഗ്രസ് സംഘത്തെ ലഖ്നൗവിലെ പിസിസി ഓഫീസിൽ നിന്ന് പുറത്ത് കടക്കാൻ യുപി പൊലീസ് അനുവദിച്ചില്ല. വനിതകൾ അടക്കമുള്ളവരെ തടഞ്ഞ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമായി. സംഭൽ സന്ദർശിക്കുമെന്ന് തന്നെയാണ് കോൺഗ്രസ് നിലപാടെന്ന് പിസിസി അധ്യക്ഷൻ അജയ്റായ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top