മുനമ്പത്ത് താമസിക്കുന്നവരുടെ അവകാശം സംരക്ഷിക്കപ്പെടണം, സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം: പി കെ കുഞ്ഞാലിക്കുട്ടി; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

മലപ്പുറം: പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്താല്‍ പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകും. അതുവഴി പ്രദേശവാസികളുടെ ഭീതി മാറുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച. കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോ​ഗത്തില്‍ ചർച്ച ചെയ്യും. അതേസമയം, പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ക്കും വാശിയോ, വ്യത്യസ്ത നിലപാടോ ഇല്ല. അവിടെ താമസിക്കുന്നവരെ ഇറക്കി വിടണം എന്ന് ആരും പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണ്, മൗനമാണ്. സര്‍ക്കാര്‍ നടപടി ഇത്രത്തോളം വൈകാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് അനങ്ങാപ്പാറ നയം എന്തിനാണ്?

2008-2009ല്‍ ഇടതു സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വന്ന പ്രശ്‌നമാണ്. സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്‌നം സര്‍ക്കാര്‍ തന്നെ പരിഹരിക്കണം. ഒരുപാട് രീതികളുണ്ട് പരിഹരിക്കാന്‍. മതപരമായ കാര്യങ്ങളും നിയമ വ്യവസ്ഥിതിയും വെച്ച് ഒരുപാട് രീതികളുണ്ട്. നിയമ മന്ത്രിയും, വഖഫ് മന്ത്രിയും ചര്‍ച്ചയ്ക്ക് വന്നാല്‍ പരിഹാരം ഉണ്ടാകും.

ഇപ്പോഴത്തെ വര്‍ഗീയ പ്രചരണത്തിന് അടിസ്ഥാനമില്ല. രാഷ്ട്രീയ ആവശ്യത്തിന് തല്‍പര കക്ഷികള്‍ ഉപയോഗിക്കുകയാണ് വിഷയം. സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിച്ചതാണ് ഈ അവസ്ഥയിലേക്ക് എത്താന്‍ കാരണം. അത് വര്‍ഗീയ ശക്തികള്‍ മുതലെടുക്കുന്നു. മതേതര കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ് ഈ മൗനവും പ്രചാരണവും മുതലെടുപ്പും.

പ്രദേശവാസികളെ ആരും ഇറക്കി വിടരുത്, അവരെ സംരക്ഷിക്കണം. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനമാണിത്. കേരളത്തിലെ എല്ലാ മുസ്ലീം സംഘടനകളും അതാണ് ആവശ്യപ്പെടുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top