നേരിടുന്നത് വലിയ പ്രതിസന്ധി: വികാരാധീനനായി മോഹൻലാൽ, രാജിയിൽ നിന്നും ചിലർ പിന്തിരിപ്പിച്ചെങ്കിലും തയ്യാറായില്ല

കൊച്ചി: താരസംഘടന അമ്മയിലുണ്ടായ ഭിന്നതയിൽ വികാരാധീനനായി മോഹൻലാൽ. നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് മോഹൻലാൽ അംഗങ്ങളോട് പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. രാജിയ്ക്കുള്ള തീരുമാനം എടുക്കും മുൻപ് മോഹൻലാൽ മമ്മൂട്ടിയോട് സംസാരിച്ചതായും പുറത്തുവരുന്നുണ്ട്. എന്നാൽ മമ്മുട്ടിയുൾപ്പെടെ രാജിവയ്ക്കാനാണ് മോഹൻലാലിന് നൽകിയ നിർദേശമെന്നാണ് റിപ്പോർട്ട്. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോട് ഇതുവരേയും മോഹൻലാൽ പ്രതികരിച്ചിട്ടില്ല. വാർത്താക്കുറിപ്പിൽ രാജിവെക്കുന്നതായി മാത്രമാണ് അറിയിച്ചത്. 

ആദ്യം രാജി പ്രഖ്യാപിച്ചത് മോഹൻലാലായിരുന്നു. താൻ രാജിവയ്ക്കുന്നുവെന്ന് അംഗങ്ങളെ അറിയിച്ചു. ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും തീരുമാനത്തിൽ മോഹൻലാൽ ഉറച്ചു നിന്നു. അതോടെ കമ്മിറ്റി ഒന്നാകെ രാജി വയ്ക്കാൻ തീരുമാനമെടുക്കുകയായിരുന്നു. അംഗങ്ങളെ മോഹൻലാൽ രാജികാര്യം അറിയിച്ചത് വികാരാധീനനായിരുന്നുവെന്നും പുറത്തുവരുന്നുണ്ട്. 

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മയിലെ കൂട്ടരാജിക്ക് കാരണമായത് സംഘടനയ്ക്ക് അകത്തുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നതകളാണ്. താരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ചേരിയായി തർക്കിച്ചതോടെയാണ് അമ്മ അധ്യക്ഷൻ മോഹൻലാൽ ഭരണസമിതി പിരിച്ചുവിടാനും പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചത്. ഇന്ന് നടന്ന ച‍ർച്ചയിൽ നടനും അമ്മ വൈസ് പ്രസിഡൻ്റുമായ ജഗദീഷിനൊപ്പം പൃഥിരാജടക്കം യുവതാരങ്ങളും നടികളും നിലപാടെടുത്തു നിന്നു. ഇവ‍ർ പരസ്യപ്രതികരണത്തിലേക്ക് പോകുമെന്ന് നിലപാടെടുത്തതോടെയാണ് അമ്മ അധ്യക്ഷൻ രാജി പ്രഖ്യാപനം നടത്തിയത്.

വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജിപ്രഖ്യാപനം നടത്തുന്നതിന് മുൻപ് മോഹൻലാലും മമ്മൂട്ടിയും തമ്മിൽ സംസാരിച്ചിരുന്നു. ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് പറഞ്ഞ് മോഹൻലാൽ വികാരാധീനനായി. പുതിയ ഭരണസമിതി വൈകരുതെന്ന് യുവതാരങ്ങൾ ആവശ്യപ്പെട്ടു. രണ്ടുമാസത്തിനുള്ളിൽ ജനറൽ ബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതുവരെ താത്കാലിക ഭരണസമിതി തുടരുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top