മുഹമ്മദ് സിറാജ് ഇനി പൊലീസ് കുപ്പായത്തില്‍; തെലങ്കാന ഡിഎസ്പിയായി ചുമതലയേറ്റു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജ് തെലങ്കാന ഡിഎസ്പിയായി ചുമതലയേറ്റു. തെലങ്കാന ഡിജിപിയുടെ ഓഫീസിലെത്തി സിറാജ് ചുമതല ഏറ്റെടുത്തു. തെലങ്കാന ഡിജിപി ജിതേന്ദര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സിറാജ് ഡിഎസ്പിയായി ചുമതലയേറ്റെടുത്തത്.

ഡിഎസ്പി റാങ്കിലേക്ക് എത്താനുള്ള വിദ്യാഭ്യാസ യോഗ്യത സിറാജിന് ഇല്ലെങ്കിലും താരത്തിനായി ഇളവ് അനുവദിക്കാന്‍ തെലങ്കാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗ്രൂപ്പ് I ജോലിക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. പ്ലസ് ടുവാണ് സിറാജിന്റെ വിദ്യാഭ്യാസ യോഗ്യത.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം കിരീടം ചൂടിയതിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി മുഹമ്മദ് സിറാജിന് വീട് വയ്ക്കാന്‍ സ്ഥലവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെലങ്കാന നിയമസഭാ സമ്മേളനത്തിന് ഇടയിലും രാജ്യാന്തര ക്രിക്കറ്റിലെ സിറാജിന്റെ നേട്ടങ്ങളെ മുഖ്യമന്ത്രി സഭയില്‍ വെച്ച് അഭിനന്ദിച്ചിരുന്നു.

2017ല്‍ ന്യൂസിലന്‍ഡിന് എതിരെ കളിച്ചായിരുന്നു സിറാജിന്റെ അരങ്ങേറ്റം. ബംഗ്ലാദേശിന് എതിരായ ഇന്ത്യയുടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലാണ് സിറാജ് അവസാനമായി കളിച്ചത്. എല്ലാ ഫോര്‍മാറ്റിലുമായി 89 മത്സരങ്ങളില്‍ നിന്ന് സിറാജ് നേടിയത് 163 വിക്കറ്റുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top