കൊല്‍ക്കത്ത: ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിട്ടില്ല മുഹമ്മദ് ഷമി. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താരം. ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി കളിക്കാനാവുമെന്ന് ഷമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതിന് മുമ്പ് ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുമെന്നും ഷമി വ്യക്തമാക്കി. എന്നാല്‍ താരത്തേയും ആരാധകരേയും സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. രഞ്ജി ട്രോഫിയില്‍ തുടക്കത്തിലെ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.
ബംഗാളിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ഷമി ഉണ്ടാവില്ല. കണങ്കാലിനേറ്റ പരിക്കില്‍ നിന്ന് താരം പൂര്‍ണമായും മോചിതനാവുന്നേയുള്ളൂ. ഫിറ്റ്നസ് വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ വിട്ടുനില്‍ക്കാനാണ് ഷമിയുടെ തീരുമാനം. ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഐപിഎല്ലും ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായി. ഇതിനിടെ വിശ്രമം അവസാനിപ്പിച്ച് ഷമി പരിശീലനം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഷമി കളിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും താരം ഇക്കാര്യം നിഷേധിച്ചു.
ഇനി ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമി കൂടി തിരിച്ചെത്തുന്നതോടെ സിറാജിന് മിക്കവാറും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉണ്ടാകാന്‍ ഇടമില്ല. ഇടം കൈയന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിക്കുന്ന ആകാശ് ദീപ് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. ആദ്യ ടെസ്റ്റില്‍ ആകാശ് ദീപിന്റെ പന്തുകള്‍ ഇടം കൈയന്‍ ബാറ്റര്‍മാര്‍ കളിക്കാന്‍ പാടുപെട്ടിരുന്നു.ബംഗ്ലാദേശ് ഓപ്പണര്‍ സാകിര്‍ ഹസനെയും മൊനിമുള്‍ ഹഖിനെയും ആകാശ് ദീപ് രണ്ട് അസാധ്യ പന്തുകളിലാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്.
സിറാജ് ഫോമിലായില്ലെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഓസ്‌ട്രേലിയയിലും മൂന്നാം പേസറുടെ റോളിലേക്ക് ആകാശ് ദീപ് എത്തിയാലും അത്ഭുതപ്പെടാനില്ല.