മേൽപറമ്പ്: കീഴൂർ ഹാർബറിന് സമീപം ചൂണ്ടയുമായി മീൻ പിടിക്കാൻ പോയി കടലിൽ കാണാതായതായി സംശയിക്കുന്ന ചെമ്മനാട് കല്ലുവളപ്പിലെ കെ റിയാസിനെ (36) കണ്ടെത്തുന്നതായി മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ സ്ഥലത്തെത്തി.
ശനിയാഴ്ച പുലർച്ചെയാണ് പ്രവാസിയായ റിയാസിനെ കടലിൽ കാണാതായത്. കടലിലെ കല്ലുകൾക്കിടയിൽ കുടുങ്ങിയിരിക്കാമെന്ന സംശയത്തിൽ റിയാസ് കടലിൽ വീണെന്ന് കരുതുന്ന സ്ഥലത്താണ് ഇപ്പോൾ ഈശ്വര്‍ മല്‍പെ തിരച്ചിൽ നടത്തുന്നത്. മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫിന്റെ ഇടപെടലിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ഈശ്വര്‍ മല്‍പെ കീഴൂരിലെത്തിയത്.
റിയാസിനെ കാണാതായി അഞ്ച് നാൾ പിന്നിട്ടിട്ടും കണ്ടെത്തുന്നതിനായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാവാത്തത് രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രദേശവാസികളും റിയാസിന്റെ ബന്ധുക്കളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെയൊക്കെ ഫലമായി നാവിക സേനയുടെ സ്‌കൂബാ ഡൈവിംഗ് സംഘത്തെയും സ്ഥലത്ത് എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എംഎൽഎമാരായ അഡ്വ. സി എച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അശ്‌റഫ് എന്നിവരും സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിട്ടുണ്ട്.