ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസെടുക്കാൻ നിയമമുണ്ട്, ആർക്കും പ്രത്യേക പരി​ഗണനയില്ല- മന്ത്രി

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മന്ത്രി കെ.എൻ.ബാല​ഗോപാൽ. നിലവിലെ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പരാതി ഉണ്ടെങ്കിലും അല്ലാതെയും സ്വമേധയായോ കേസെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതി ലഭിക്കാതെ കേസെടുക്കാൻ പറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ കാര്യം സിനിമാ രം​ഗത്തെന്നല്ല, വേറെ ആര് കാണിച്ചാലും നിയമം ഒരുപോലെയാണെന്നും ആർക്കും പ്രത്യേക പരി​ഗണന ഇല്ലെന്നും മന്ത്രി പറഞ്ഞു.

‘പരാതി ലഭിക്കാതെ കേസെടുക്കാമോ എന്നതിൽ സാങ്കേതിക വശം പറയാൻ ഞാൻ ഇപ്പോൾ ആളല്ല. എന്നാൽ, ഒരു കാര്യം വ്യക്തമായി പറയാം, നേരിട്ട് പരാതി ഉണ്ടങ്കിലോ ഇല്ലെങ്കിലോ സ്വമേധയോ കേസെടുക്കാൻ ഇന്ത്യയിൽ നിയമസംവിധാനമുണ്ട്. ഈ നിയമങ്ങൾ അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതിൽ തടസ്സമില്ല. പരിഷ്ക്കരിച്ച നിയമങ്ങൾ നിലവിലുണ്ട്. നിയമത്തിന്റെ മുന്നിൽനിന്ന് ഏത് രം​ഗത്ത് ഉള്ളവരായാലും ഒഴിഞ്ഞുനിൽ‌ക്കാൻ പറ്റില്ല’, അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്നായിരുന്നു സർക്കാരിന്റെ ഇതുവരെയുള്ള പൊതുനിലപാട്. കേവലം ഒരു ജനറൽ റിപ്പോർട്ടിന്റെ ഭാഗമായി ഇന്ന വ്യക്തി അല്ലെങ്കിൽ ഇന്ന സ്ഥാപനത്തിന് എതിരെ നടപടികൾ എടുക്കാൻ നിയമപരമായി തടസ്സമുണ്ടെന്നായിരുന്നു മുന്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ നേരത്തേ പ്രതികരിച്ചത്. സമാന നിലപാടായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സ്വീകരിച്ചത്.

റിപ്പോർട്ടിൽ ഏതെങ്കിലും വിഷയത്തിൽ കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാർശ ജസ്റ്റിസ് ഹേമയുടെ കമ്മിറ്റി വെച്ചിട്ടില്ലെന്നും അതിനപ്പുറം മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

ജസ്റ്റിസ് ഹേമ കമ്മിറ്റിറിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയ്യാറായി മുന്നോട്ടുവന്നാൽ സർക്കാരിൽനിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top