ആദ്യ 20 കിലോമീറ്ററിന് മിനിമം ചാർജ്ജ്; ആംബുലൻസ് നിരക്കുകൾ ഏകീകരിച്ച് ഉത്തരവിറങ്ങി

ആംബുലൻസ് താരിഫുകൾ രോഗിയോടൊപ്പമുള്ളവർക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും നി‍ർദ്ദേശമുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസ് നിരക്കുകൾ ഏകീകരിച്ച് സ‍ർക്കാർ ഉത്തരവിറങ്ങി. ആദ്യ 20 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. മിനിമം നിരക്ക് ഈടാക്കുമ്പോൾ ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല.

ഐസിയു, വെന്റിലേറ്റർ സൗകര്യമുള്ള ‘ഡി’ വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500 രൂപ. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയ്റ്റിംഗ് ചാ‍‌ർജ്ജ് 350 രൂപയായിരിക്കും. എസി, ഓക്സിജൻ സൗകര്യമുള്ള ‘സി’ വിഭാഗം ആംബുലൻസിന് മിനിമം ചാർജ് 1,500 രൂപ ചാർജ്ജ് ഈടാക്കാം. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 40 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാർജ് 200 രൂപയുമായിരിക്കും ‘ബി’ വിഭാഗത്തിലുള്ള നോൺ എസി ആംബുലൻസുകൾക്ക് മിനിമം നിരക്ക് 1,000 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാർജ് 200 രൂപയുമായിരിക്കും. ഓമ്നി തുടങ്ങിയ എസിയുള്ള ‘എ’ വിഭാഗത്തിലുള്ള ആംബുലൻസുകൾക്ക് മിനിമം നിരക്ക് 800 രൂപയാണ്ചാ‍ർജ്ജ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാർജ് 200 രൂപയുമായിരിക്കും. ഇതേ വിഭാഗത്തിലെ നോൺ എസി വാഹനങ്ങൾക്ക് മിനിമം ചാർജ് 600 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാർജ് 150 രൂപയുമായിരിക്കും

ബിപിഎൽ കാർഡുടമകൾക്ക് ആംബുലൻസ് നിരക്കിൽ 20 ശതമാനം കുറവ് ലഭിക്കും. കാൻസർ രോഗികൾ, 12 വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് കിലോമീറ്ററിന് 2 രൂപ വീതം കുറവും ലഭിക്കും. ആംബുലൻസ് താരിഫുകൾ രോഗിയോടൊപ്പമുള്ളവർക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും നി‍ർദ്ദേശമുണ്ട്. സംസ്ഥാന ഗതാഗത അതോറിറ്റിയോ പ്രാദേശിക ഗതാഗത അതോറിറ്റികളോ നിരക്കുകൾ പ്രദർശിപ്പിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top