18-ൽ താഴെയുള്ള കുട്ടികളേയും A സർട്ടിഫിക്കറ്റ് ചിത്രം കാണിക്കുന്നു;മാർക്കോയ്ക്കെതിരെ കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രത്തിനെതിരെ പരാതി. കെ.പി.സി.സി അംഗം അഡ്വ.ജെ.എസ് അഖിലാണ് പരാതി നൽകിയത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നെന്നാണ് ജെ.എസ്. അഖിലിന്റെ പരാതിയിൽ പറയുന്നത്.

മാർക്കോ സിനിമയ്ക്കെതിരെ സെൻസർ ബോർഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനുമാണ് അഡ്വ.ജെ.എസ് അഖിൽ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം താൻ ഈ ചിത്രം കാണുകയുണ്ടായി. അത്യന്തം വയലൻസ് നിറഞ്ഞ ഈ ചിത്രം 18 വയസിൽ താഴെ പ്രായമുള്ളവർക്കായി പ്രദർശിപ്പിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ഈ വസ്തുത അറിയാതെ പല തിയേറ്ററുകളിലും കുട്ടികൾക്കൊപ്പമാണ് പലരും വരുന്നത്. തിയേറ്ററുകളിൽ 18 വയസിൽ താഴെയുള്ളവർക്ക് ഈ ചിത്രം കാണുന്നതിൽ യാതൊരു വിലക്കുമില്ലെന്നും അഖിൽ പരാതിയിൽ പറഞ്ഞു.

‘സിനിമ കണ്ടുകഴിഞ്ഞാൽ, ചിത്രത്തേക്കുറിച്ച് പറഞ്ഞ അവകാശവാദങ്ങൾ വെറുമൊരു വിപണന തന്ത്രം ആയിരുന്നില്ല എന്ന് നിസ്സംശയം പറയാം. മലയാളം എന്നത് മറക്കാം. ഇന്ത്യൻ സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രം​ഗങ്ങളാണ് മാർക്കോയിലുള്ളത്. പ്രശ്‌നം എന്തെന്നാൽ, കൊലപാതകങ്ങളുടെ അനന്തമായ കൂട്ടക്കൊലയ്ക്ക് യഥാർത്ഥ ലക്ഷ്യമോ രീതിയോ ഇല്ല. തീർച്ചയായും, വില്ലന്മാർ ആളുകളെ കൊല്ലുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ സിനിമയിൽ കാണുന്നത് സാധാരണ കൊലപാതകങ്ങളല്ല. പകരം, ചെവികൾ കടിച്ചെടുക്കുന്നു, കൈകാലുകൾ സോ മെഷീനുകൾ ഉപയോഗിച്ച് മുറിക്കുന്നു, ഹൃദയം, കണ്ണുകൾ, കുടൽ എന്നിവ പറിച്ചെടുക്കുന്നു, അമ്മയുടെ ഭ്രൂണത്തിൽ നിന്ന് വെറും കൈകളാൽ ഒരു കുഞ്ഞിനെ പുറത്തെടുക്കുന്നു തുടങ്ങിയവയാണ്.’ അഖിലിന്റെ പരാതിയിൽ പറയുന്നു.

18 വയസ്സിന് താഴെയുള്ള കുട്ടികൾ സിനിമ കാണാതിരിക്കാൻ സംസ്ഥാനത്തുടനീളമുള്ള എല്ലാ തിയേറ്ററുകളിലും കർശനമായ നിർദ്ദേശം പുറപ്പെടുവിക്കണമെന്നാണ് ജെ.എസ്. അഖിൽ ആവശ്യപ്പെടുന്നത്. ഇത്തരം അസ്വസ്ഥതയുളവാക്കുന്ന രം​ഗങ്ങൾ കാണുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top