കോഴിക്കോട്: ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നടി മഞ്ജു വാര്യർ. കോഴിക്കോട് താമരശ്ശേരിയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. നടൻ ടൊവിനോയും അവർക്കൊപ്പമുണ്ടായിരുന്നു.
താനും ടൊവിനോയും ഇന്നിവിടെ നിൽക്കാൻ കാരണമായത് മലയാള സിനിമയാണെന്ന് മഞ്ജു വാര്യർ വ്യക്തമാക്കി. ‘മലയാള സിനിമയെ സംബന്ധിച്ച് സങ്കടകരമായ ഘട്ടത്തിലാണ് ഞങ്ങൾ ഇവിടെ വന്നത്. ആ കാർമേഘങ്ങളൊക്കെ ഒഴിയട്ടെ. എല്ലാം കലങ്ങി തെളിയട്ടെയെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
എമ്പുരാന്റെ ഷൂട്ടിങ് തകൃതിയായി നടക്കുന്നുണ്ട്. ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാഗമാകുമെന്നും മഞ്ജു വാര്യർ പറഞ്ഞു.
സൈജു ശ്രീധരൻ സംവിധാനം ചെയ്ത ഫൂട്ടേജ് ആണ് മഞ്ജു വാര്യരുടേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം. വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ -2, രജനികാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേൽ ഒരുക്കുന്ന വേട്ടയൻ, ആര്യ നായകനാവുന്ന മിസ്റ്റർ എക്സ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നിവയാണ് മഞ്ജുവാര്യരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
ടൊവിനോ നായകനാവുന്ന ജിതിൻ ലാൽ ചിത്രം എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) ഓണം റിലീസായി തിയേറ്ററുകളിലെത്തും.