മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ കുറ്റവിമുക്തൻ; പ്രതികളെ വെറുതെ വിട്ട് കാസർകോട് ജില്ലാ സെഷൻസ് കോടതി

കാസർകോട് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികളുടെയും വിടുതൽ ഹർജി കോടതി അം​ഗീകരിച്ചു. നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരും ഇന്ന് കോടതിയിൽ എത്തിയിരുന്നു.

വിചാരണ നേരിടേണ്ട സാഹചര്യമില്ലെന്ന് കോടതി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ഇതിൽ യാതൊരു വിധ കെട്ടിച്ചമക്കലും ഇല്ലെന്നും കെ സുരേന്ദ്രന് വേണ്ടി വാദിച്ച അഭിഭാഷകൻ കെ ശ്രീകാന്ത് പറഞ്ഞു. അതേസമയം സത്യം ജയിച്ചുവെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കേസിന് പിന്നിൽ സിപിഐഎമ്മിന്റെയും ലീഗിന്റെയും പിന്തുണയുണ്ട്. ബിജെപിയെ താറടിച്ച് കാണിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഎസ്പി സ്ഥാനാർത്ഥിത്വം പിൻവലിച്ചതും തുടർന്നുള്ള വെളിപ്പെടുത്തലുമാണ് കേസിന് ആസ്പദമായ സംഭവം. കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപയും സ്മാർട്ട്ഫോണും കോഴ നൽകിയെന്നാണ് കേസ്. മൊഴിയെടുക്കലിൽ താൻ സ്വന്തം ഇഷ്ടപ്രകാരമാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചതെന്ന് സുന്ദര പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബറിൽ പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കുന്നത്. ഇത് പരിഗണിച്ചാണ് വിധി. കഴിഞ്ഞ മാസം ഹർജിയിൽ കോടതി വിധി പറയാൻ മാറ്റിയിരുന്നു. എന്നാൽ നിശ്ചയിച്ച ദിവസം കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ എത്തിയിരുന്നില്ല. എല്ലാ പ്രതികളും കോടതിയിൽ എത്തുന്ന ദിവസം വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ എല്ലാവരും എത്തിയതോടെ കോടതി കേസ് പരി​ഗണിച്ചതും വിധി പ്രസ്താവിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top