ജബല്‍പുര്‍: ട്രെയിനടിയില്‍ തൂങ്ങിപ്പിടിച്ച് 250 കിലോമീറ്ററോളം യാത്ര ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഡിസംബര്‍ 24-നാണ് സംഭവം. ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പ്പുരിലേക്കുള്ള ധനാപുര്‍ എക്‌സ്പ്രസിനടിയിലാണ് യുവാവ് യാത്ര ചെയ്തത്.
ട്രെയിന്‍ അവസാന സ്റ്റോപ്പായ ജബല്‍പുര്‍ അതിര്‍ത്തിയോട് അടുക്കുമ്പോഴാണ് എസ്4 കോച്ചിനടിയില്‍ തൂങ്ങിക്കിടന്ന് യുവാവ് ട്രാക്കില്‍ നിരീക്ഷണം നടത്തുകയായിരുന്ന ജീവനക്കാരുടെ കണ്ണില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇവര്‍ ലോക്കോ പൈലറ്റിനെ വിവരമറിയിച്ചു. ട്രെയിന്‍ നിര്‍ത്തിയ ശേഷം യുവാവിനോട് പുറത്തിറങ്ങി വരാന്‍ പറഞ്ഞു. ടിക്കറ്റെടുക്കാന്‍ പണമില്ലായിരുന്നുവെന്നും അതിനാലാണ് ട്രെയിനിനടിയില്‍ തൂങ്ങി യാത്ര ചെയ്തതെനന്നുമാണ് ചോദ്യം ചെയ്യലില്‍ റെയില്‍വെ പോലീസിനോട് യുവാവ് പറഞ്ഞത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആര്‍പിഎഫ് അന്വേഷിച്ച് വരികയാണ്.