വീട്ടിൽ MDMA കച്ചവടം, ‘വിൻസ്റ്റൺ ചർച്ചിൽ’ പിടിയിൽ’; ലഹരിമരുന്ന് വാങ്ങുന്നവരിൽ കോളേജ് വിദ്യാർഥിനികളും

ചേരാനല്ലൂര്‍(എറണാകുളം): ചേരാനല്ലൂരില്‍ വീട്ടില്‍ ലഹരിമരുന്ന് ശേഖരിച്ച് വില്പന നടത്തിയിരുന്ന യുവാവ് പിടിയില്‍. ചേരാനല്ലൂര്‍ വിഷ്ണുപുരം വാരിയത്ത് വീട്ടില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലി (36) നെയാണ് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 2.48 ഗ്രാം എം.ഡി.എം.എ. പോലീസ് ഇയാളുടെ വീട്ടില്‍നിന്നും കണ്ടെടുത്തത്.

വീട്ടിലെ അലമാരയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് എം.ഡി.എം.എ. സൂക്ഷിച്ചിരുന്നത്. വന്‍തോതില്‍ മയക്കുമരുന്ന് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്പന നടത്തിയിരുന്നത്. കോളേജ് വിദ്യാര്‍ഥിനികള്‍ക്കും യുവാക്കള്‍ക്കുമാണ് മയക്കുമരുന്ന് നല്‍കിയിരുന്നതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഭാര്യയും കുടുംബവുമായി താമസിക്കുന്ന ഇയാള്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നാത്തവിധം വീട്ടില്‍ തന്നെയാണ് മയക്കുമരുന്ന് വില്പന. ഇയാള്‍ക്കൊപ്പം കൂടുതല്‍ പേരുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വരാപ്പുഴ സ്റ്റേഷനില്‍ അടിപിടി കേസുമുണ്ട്.

സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എസ്. സുദര്‍ശനന്‍, എറണാകുളം സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാര്‍, ചേരാനല്ലൂര്‍ എസ്.എച്ച്.ഒ. ആര്‍. വിനോദ്, എസ്.ഐ. ജി. സുനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് നസീര്‍, പ്രശാന്ത് ബാബു, സി.പി.ഒ.മാരായ സനുലാല്‍, രഞ്ജുപ്രിയ, അനില്‍കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top