‘കാർ വാങ്ങണമെങ്കിൽ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ടെന്ന് തെളിയിക്കണം’; സുപ്രധാന നിർദേശവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: കാർ വാങ്ങുന്നതിന് മുമ്പ് പാർക്കിംഗ് സ്ഥലത്തിൻ്റെ ലഭ്യത തെളിയിക്കാൻ വ്യക്തികളോട് ആവശ്യപ്പെടുന്ന സുപ്രധാന നിർദേശം മഹാരാഷ്ട്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. നഗരപ്രദേശങ്ങളിലെ വർധിച്ചുവരുന്ന വാഹനത്തിരക്കിൻ്റെ പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. നിർദ്ദേശം ഗതാഗത മന്ത്രി പ്രതാപ് സർനായിക് സർക്കാറിന് മുന്നിൽ അവതരിപ്പിക്കും. നിർദിഷ്ട പാർക്കിംഗ് നയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയുമായും ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കുടുംബങ്ങൾ ഒരു കുട്ടി ജനിക്കുന്നതിന് മുമ്പ് ചെലവുകൾ ആസൂത്രണം ചെയ്യുന്നതുപോലെ, ആളുകൾ അവരുടെ കാറിൻ്റെ പാർക്കിംഗ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ക്രമീകരണം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.  

ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റുള്ള ആളുകൾ വായ്പയെടുത്ത് കാർ വാങ്ങും. സ്വന്തം കാർ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ പൊതു റോഡുകളിൽ പാർക്ക് ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങളുടെ അനിയന്ത്രിതമായ പാർക്കിംഗ് പലപ്പോഴും ആംബുലൻസുകൾ, അഗ്നിശമന സേനകൾ തുടങ്ങിയ അടിയന്തര സേവനങ്ങൾ തടസ്സപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു. നിരവധി പ്രദേശങ്ങളിൽ തുറസ്സായ സ്ഥലങ്ങൾ കാറുകൾ കൈയേറിയ അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളോട് നയം വിവേചനം കാണിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ പാർക്കിംഗ് സൗകര്യങ്ങളില്ലാതെ വാഹനം വാങ്ങുന്നവർക്ക് പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ ഇടം കണ്ടെത്തിയാൽ കാർ വാങ്ങാനുള്ള അനുമതി നൽകാമെന്നും അദ്ദേഹം പറഞ്ഞു.

നിർദ്ദിഷ്ട നയം വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് മന്ത്രി സമ്മതിച്ചെങ്കിലും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇത്തരം നടപടികൾ അനിവാര്യമാണെന്നും വാദിച്ചു. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളും മന്ത്രി വിശദീകരിച്ചു. മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ (എംഎംആർ) കേബിൾ ടാക്സി സംവിധാനം അവതരിപ്പിക്കുന്ന തൻ്റെ സ്വപ്ന പദ്ധതിയും മന്ത്രി പരാമർശിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top