‘അഫ്രീദി ആദ്യം പോയി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കട്ടേ’; രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരം

ബംഗ്ലാദേശിനെതിരായ തോൽവിക്ക് പിറകേ പാക് പേസർ ഷഹീൻ അഫ്രീദിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പാക് താരം ബാസിത് അലി. അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിശ്രമമെടുത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കട്ടേ എന്ന് ബാസിത് അലി പറഞ്ഞു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ 88 റൺസ് വിട്ട് നൽകി രണ്ട് വിക്കറ്റാണ് അഫ്രീദി സ്വന്തമാക്കിയത്.

”100 ശതമാനം ഉറപ്പിച്ച് പറയുന്നു അഫ്രീദിക്ക് വിശ്രമം നൽകണം. അയാൾ പോയി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കട്ടേ. പാകിസ്താൻ ബോളിങ്ങില്ലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും അടക്കം മുഴുവൻ ഡിപ്പാർട്ട്‌മെന്റിലും സമ്പൂർണ പരാജയമായിരുന്നു. ഏറെ ഞെട്ടിക്കുന്നതാണ് ഈ തോൽവി.”- ബാസിത് പറഞ്ഞു.

റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയമാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് കുറിച്ചത്. സ്വന്തം മണ്ണിൽ പാകിസ്താനെ പത്ത് വിക്കറ്റിനാണ് ബംഗ്ലാ കടുവകള്‍ തോൽപിച്ചത്. ടെസ്റ്റിൽ പാകിസ്താനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ഹോം ഗ്രൗണ്ടിൽ പാകിസ്താന്റെ ആദ്യ പത്ത് വിക്കറ്റ് തോൽവിയും. സ്‌കോർ: പാകിസ്താൻ: 448-6 ഡിക്ലയർ, 146, ബംഗ്ലാദേശ്: 565,30-0. അവസാന ദിനത്തിൽ ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ അനായാസം നേടി. എതിരാളികൾ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തശേഷം ബംഗ്ലാദേശ് നേടുന്ന ആദ്യ ജയം കൂടിയാണിത്.

നേരത്തേ ഐ.സി.സി.യുടെ ഏകദിന റാങ്കിങ് പട്ടികയിൽ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തിയതിനെ ചോദ്യം ചെയ്തും ബാസിത് അലി രംഗത്തെത്തിയിരുന്നു. അവസാനമായി കഴിഞ്ഞ വർഷം നവംബറിൽ ഏകദിനം കളിച്ച ശേഷം ബാബർ ഇതുവരെ ഏകദിന ക്രിക്കറ്റിൽ പാക് ജഴ്‌സിയണിഞ്ഞിട്ടില്ല. എന്നാൽ ഇക്കുറിയും താരം തന്റെ ഒന്നാം റാങ്ക് നിലനിർത്തി.

”ആരാണ് ഈ റാങ്കിങ് തയ്യാറാക്കുന്നത്. ബാബർ അസമും ശുഭ്മാൻ ഗില്ലും ഈ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ എങ്ങനെ വന്നു. രചിൻ രവീന്ദ്ര, ട്രാവിസ് ഹെഡ് തുടങ്ങിയവരെയൊന്നും ഈ പട്ടികയിൽ കാണാനാവാത്തത് എന്ത് കൊണ്ടാണ്. ബാബറിന് ഒന്നാം റാങ്ക് നൽകാൻ അയാൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ട ആവശ്യമൊന്നും ഇല്ലെന്ന് തോന്നുന്നു’- ബാസിത് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Back To Top