മുംബൈ: ലോറന്‍സ് ബിഷ്ണോയിക്ക് മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഓഫര്‍. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ബിഷ്ണോയിക്ക് വാഗ്ദാനം ലഭിച്ചത്.
ഉത്തര്‍ ഭാരതീയ വികാസ് സേന (യു.ബി.വി.എസ്) പാര്‍ട്ടിയാണ് ലോറന്‍സ് ബിഷ്ണോയിക്ക് സീറ്റ് വാഗ്ദാനം നല്‍കിയത്. അജിത് പവാര്‍ പക്ഷം എന്‍.സി.പി മുന്‍ എം.എല്‍.എ ബാല സിദ്ദിഖിനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത് ബിഷ്ണോയി സംഘം ഏറ്റെടുത്ത സാഹചര്യത്തില്‍ കൂടിയാണ് സീറ്റ് വാഗ്ദാനം.
യു.ബി.വി.എസ് ദേശീയ പ്രസിഡന്റ് സുനില്‍ ശുക്ലയാണ് ബിഷ്ണോയിക്ക് സീറ്റ് വാഗ്ദാനം ചെയ്തത്. ലോറന്‍സ് ബിഷ്ണോയി പാര്‍ട്ടിയുടെ വാഗ്ദാനം അംഗീകരിച്ചാല്‍ 50 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നും സുനില്‍ ശുക്ല പറഞ്ഞു. ഇന്ത്യയിലെ ഉത്തരേന്ത്യക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡെവലപ്മെന്റ് ആര്‍മിയാണ് യു.ബി.വി.എസ്സെന്നും സുനില്‍ ശുക്ല പറയുകയുണ്ടായി.
ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പുറമെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണി ഉയര്‍ത്തിയ സംഭവത്തിലും ബിഷ്‌ണോയി സംഘത്തിന്റെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നേരത്തെയും സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് ബിഷ്ണോയി സംഘം ഭീഷണി മുഴക്കിയിട്ടുണ്ട്.
‘ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണമെങ്കില്‍ 5 കോടി നല്‍കണം. ഇത് നിസാരമായി കാണരുത്. അല്ലാത്തപക്ഷം സല്‍മാന്‍ ഖാന്റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാള്‍ മോശമാകും,’ എന്നാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
ലോറന്‍സ് ബിഷ്ണോയി നിലവില്‍ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ ബിഷ്ണോയി സംഘത്തിന്റെ പേരില്‍ നിരവധി ഭീഷണികളും അതിക്രമങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബിഷ്ണോയിയെ മത്സരിപ്പിക്കാന്‍ യു.ബി.വി.എസ് ഒരുങ്ങുന്നത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 20ന് നടക്കും. 288 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ചത്.
ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി, ബി.ജെ.പിയും അടങ്ങുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും കോണ്‍ഗ്രസ്, ശിവസേന (യു.ബി.ടി), എന്‍.സി.പി എസ്.പി അടങ്ങുന്ന മഹാ അഘാഡി സഖ്യവുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.