കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കാസര്‍കോട്: ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് സ്മൃതിയുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. കൊല്ലം തെന്മല  സ്വദേശിയായ എസ്കെ സ്മൃതി (20)യെ തിങ്കളാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം തെന്മല ഉരുക്കുളം സ്വദേശിയാണ് എസ്കെ സ്മൃതി. ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് ട്രെയിനിയായിരുന്നു സ്മൃതി. യുവതി ജീവനൊടുക്കില്ലെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് അച്ഛൻ കോമളരാജനും സഹോദരി ശ്രുതിയും രംഗത്ത് വന്നത്.

ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയതായി ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ചോദിച്ചതിന്‍റെ വിഷമത്തിലായിരുന്നു യുവതിയെന്നും പറയപ്പെടുന്നു. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാലാണ് മൃതദേഹം വിശദമായ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതി ജീവനൊടുക്കാനുണ്ടായ കാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top