ബലാത്സംഗ കേസുകളിൽ വിചാരണ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മമത

കൊൽക്കത്ത: കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

ബലാത്സംഗ കേസുകളിൽ വിചാരണ 15 ദിവസത്തിനകം നടത്തുന്നതിനുള്ള കേന്ദ്ര നിയമം ഉടനടി നടപ്പാക്കണമെന്നതാണ് കത്തിലെ ഉള്ളടക്കം. മുഖ്യ മന്ത്രിയുടെ ഉപദേഷ്ടാവ് അലപൻ ബന്ദോപാധ്യായ ഇന്നെലെ നടത്തിയ പത്രസമ്മേളനത്തിൽ കത്ത് വായിച്ചു.
രാജ്യത്ത് പ്രതിദിനം 90ഓളം ബലാത്സംഗംങ്ങൾ നടക്കുന്നുണ്ടെന്നും സ്ത്രീകയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും മമത കത്തിൽ പറഞ്ഞു.

‘രാജ്യത്തുടനീളം പ്രതിദിനം 90 ഓളം ബലാത്സംഗ കേസുകൾ സംഭവിക്കുന്നു. ഇത് ഭയാനകമാണ്. ഇത് സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും ആത്മവിശ്വാസത്തെയും മനഃസാക്ഷിയെയും ഉലയ്ക്കുന്നു. സ്ത്രീകൾക്ക് സുരക്ഷിത്വം അനുഭവപ്പെടുന്ന പരിസ്ഥിതിയും ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ചുമതലയാണ്. അതിനായി ബലാത്സംഗ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്ന കർശനമായ കേന്ദ്ര നിയമനിർമ്മാണം ആവശ്യമാണ്,’ മമത പറഞ്ഞു.

ഈ കേസുകളിൽ അതിവേഗ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കാനും ബാനർജി നിർദ്ദേശിച്ചു. ഒപ്പം വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ, 15 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് വേഗത്തിലുള്ളതും കർശനവുമായ നീതി ഉറപ്പാക്കുന്ന സമഗ്രമായ നിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തെ പ്രേരിപ്പിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് മേധാവിയുടെ അനന്തരാവകാശി അഭിഷേക് ബാനർജിയും അഭിപ്രായപ്പെട്ടു. ബലാത്സംഗക്കേസുകളിലെ വിചാരണയും ശിക്ഷയും 50 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ എക്സ് പോസ്റ്റിലൂടെയാണ് അഭിഷേക് വിമർശനം അറിയിച്ചത്. രാജ്യത്ത് ഇത്രയും വലിയൊരു അതിക്രമം നടന്ന് അതിനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കുമ്പോഴും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 90 ബലാത്സംഗങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. ‘നിർഭാഗ്യവശാൽ, ശാശ്വതമായ ഒരു പരിഹാരത്തെക്കുറിച്ച് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നില്ല,’ അഭിഷേക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top