വനിതാ ഡോക്ടറുടെ കൊലപാതകം: അക്രമി ഒരാള്‍മാത്രം, DNA പരിശോധനാഫലമടക്കം ലഭിച്ചു, കുറ്റപത്രം ഉടന്‍

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി സഞ്ജയ് റോയിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി സിബിഐ. കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പ്രതിയുടെ ഡിഎൻഎ പൊരുത്തപ്പെട്ട സാഹചര്യത്തിലാണ് നടപടി. അക്രമിച്ചത് ഒരാൾ മാത്രമാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡിഎൻഎ, ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേസിൽ മറ്റു പ്രതികളില്ലെന്ന് വ്യക്തമായതോടെ കേസിൽ നിന്ന് കൂട്ടബലാത്സംഗം ഒഴിവാക്കിയിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിബിഐ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 23-ന് കോടതിയിൽ ഹാജരാക്കിയ പ്രതി സഞ്ജയ് റോയിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ജൂഡീഷ്യൽ കസ്റ്റഡിയിലേക്ക് തിരിച്ചയക്കാനാണ് സാധ്യത. അതേസമയം, പ്രതിയുടെ കസ്റ്റഡി ആവശ്യം സിബിഐ ഉന്നയിക്കില്ലെന്നാണ് വിവരം.

ഓ​ഗസ്റ്റ് ഒമ്പതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി. കേസ് പിന്നീട് കൊൽക്കത്ത ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top