തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് വടകര മുന്‍ എം.പി. കെ. മുരളീധരന്‍. വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ് യു.ഡി.എഫിന്റെ നിലവിലെ ഉത്തരവാദിത്തമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘തെരഞ്ഞെടുപ്പിലെ വിഷയം സരിനല്ല, എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയെ അവര്‍ തീരുമാനിച്ചോളും. അത് ഞങ്ങളുടെ ജോലിയല്ല, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ വിജയിപ്പിക്കുക എന്നതാണ് യു.ഡി.എഫിന്റെ കര്‍ത്തവ്യം,’ എന്നാണ് മുരളീധരന്‍ പറഞ്ഞത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിഷയത്തില്‍ നിന്ന് വഴിതിരിച്ചുവിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍, കണ്ണൂരിലെ എ.ഡി.എമ്മിന്റെ മരണം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ സംസാരിക്കാനുണ്ട്. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യേണ്ടിടത്ത് ഒരാള്‍ കോണ്‍ഗ്രസ് വിട്ടത് ശരിയാണോ തെറ്റാണോ തുടങ്ങിയ കാര്യങ്ങളല്ല വിഷയമാക്കേണ്ടത്, അക്കാര്യം ആ വ്യക്തി തന്നെ വിലയിരുത്തട്ടെയെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഇടതു സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശങ്ങളില്‍ പാര്‍ട്ടി മറുപടി നല്‍കേണ്ടതില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആളുകള്‍ വരികയും പോകുകയുമെല്ലാം ഉണ്ടാകും, എന്നാല്‍ പ്രസ്ഥാനം മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.
സി.പി.ഐ.എമ്മിന് സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ ബുദ്ധിമുട്ടുകയാണെന്നും പാര്‍ട്ടിയുടെ ചിഹ്നം പുറത്തെടുക്കാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളായ നൗഷാദും കെ.കെ. ദിവാകരനും സ്വതന്ത്ര ചിഹ്നങ്ങളിലാണോ വിജയിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ഡോ. പി. സരിനെ പാർട്ടി ചിഹ്നം നൽകാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള എൽ.ഡി.എഫിന്റെ തീരുമാനത്തിലാണ് വിമർശനം.