ന്യൂദൽഹി: മിസ് ഇന്ത്യ മത്സര പട്ടികയിൽ ദളിത്, ആദിവാസി, മറ്റ് പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തെ പരിഹസിച്ച് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധിക്ക് ബാല ബുദ്ധിയാണ് എന്നായിരുന്നു റിജിജുവിന്റെ ആക്ഷേപം. രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നവരും അദ്ദേഹത്തെ പോലെ തന്നെയാണെന്നും റിജിജു ആരോപിച്ചു.
മിസ് ഇന്ത്യ മത്സരത്തിൽ ദളിത്, ആദിവാസി സ്ത്രീകളുടെ പ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് പ്രയാഗ്‌രാജിൽ നടന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ചൂണ്ടിക്കാണിക്കുകയും രാജ്യവ്യാപകമായി ജാതി സെൻസസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പരിഹാസവുമായി കേന്ദ്ര മന്ത്രി എത്തിയത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ വിമർശിച്ചത്. രാഹുൽ ഗാന്ധി ജാതി സെൻസെസ് വേണമെന്ന് പറയുന്ന ഒരു വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് റിജിജു പരിഹാസവുമായെത്തിയത്.
‘ഇപ്പോൾ, മിസ് ഇന്ത്യ മത്സരങ്ങൾ, സിനിമകൾ, സ്പോർട്സ് എന്നിവയിൽ അദ്ദേഹത്തിന് സംവരണം വേണം. ഇത് അദ്ദേഹത്തിന്റെ ബാല ബുദ്ധിയുടെ പ്രശ്നമാണ്. മാത്രമല്ല അദ്ദേഹത്തെ പിന്തുണക്കുന്ന ഓരോ വ്യക്തിയും ഇതിന് തുല്യ ഉത്തരവാദികളാണ്,’ അദ്ദേഹം കുറിച്ചു.
രാജ്യവ്യാപകമായി നടക്കുന്ന ജാതി സെൻസസ് സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ പുതിയ പരാമർശങ്ങളിലൂടെ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.