കണ്ണൂര്‍: വളപട്ടണം മന്നയില്‍ അരി മൊത്ത വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരുകോടിയും 300 പവനും മോഷ്ടിച്ച കേസില്‍ പ്രതി ലിജീഷിന് വിനയായത് സ്വയം തിരിച്ചുവെച്ച സി.സി.ടി.വി. ക്യാമറയെന്ന് പോലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി നൂറോളം സി.സി.ടി.വി. ദൃശ്യങ്ങളും 115 സി.ഡി.ആറുകളും പരിശോധിച്ചതായും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണല്‍ അജിത് കുമാര്‍ പറഞ്ഞു.
അഷറഫിന്‍റെ വീടും പരിസരങ്ങളും സംബന്ധിച്ച് വ്യക്തമായി അറിയുന്ന ആളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിൽ പോലീസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽത്തന്നെ എത്തിയിരുന്നു. തുടർന്ന് പരിസരവാസികളെ ചോദ്യംചെയ്തു. ലീജീഷിനെ ചോദ്യംചെയ്തതോടെ ചില സംശയങ്ങൾ പോലീസിനുണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണമാണ് ഇയാൾത്തന്നെയാണ് പ്രതിയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാക്കിയത്.
20-ാം തീയതിയാണ് മോഷണം നടത്തിയത്. 40 മിനിറ്റുള്ള ഓപ്പറേഷനിലാണ് ലിജീഷ് മോഷണം പൂര്‍ത്തിയാക്കിയത്. സി.സി.ടി.വി. ക്യാമറയെ വെട്ടിക്കാന്‍ ഇയാൾ പരമാവധി ശ്രമിച്ചു. ദൃശ്യത്തില്‍പ്പെടാതിരിക്കാന്‍ ഒരു സി.സി.ടി.വി. ക്യാമറ തിരിച്ചുവെച്ചപ്പോള്‍, ഇത് വീട്ടിലെ ഒരു മുറിയുടെ ദൃശ്യങ്ങള്‍ വ്യക്തമാവുന്ന തരത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായതെന്ന് പോലീസ് വ്യക്തമാക്കുന്നു.
സി.സി.ടി.വി. പരിശോധനയില്‍ കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. എന്നാൽ ആളുടെ മുഖം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഡമ്മി ആളെ ഉപയോഗിച്ച് വെച്ച് ഡമോ നടത്തിനോക്കി. പരിസരങ്ങളിലെ വീടുകളിലെയും കടകളിലെയും മറ്റും നൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. പഴയ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ച് പരിശോധന നടത്തി. അന്വേഷണത്തിന്‍റെ ഭാഗമായി പ്രദേശത്തെ ഫോൺ കോൾ വിവരങ്ങൾ അറിയുന്നതിനായി 115 സി.ഡി.ആറുകളും പരിശോധിച്ചു.
അഷ്‌റഫിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണത്തേയും സ്വര്‍ണത്തേയും കുറിച്ച് ലിജീഷിന് കൃത്യമായ ധാരണയുണ്ടായിരുന്നു. മോഷണത്തിനായി ഉപയോഗിച്ച ഒരു ഉപകരണം ഇയാള്‍ മോഷണത്തിനിടെ വീട്ടില്‍വെച്ച് മറന്നു. ഇത് തിരിച്ചെടുക്കാന്‍ 21-ാം തീയതി വീട്ടിനുള്ളില്‍ വീണ്ടും കടന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ലിജീഷ് ചോദ്യംചെയ്യലില്‍ മൊഴി നല്‍കി. പോലീസ് നടത്തിയ പരിശോധനയില്‍ പിന്നീട് ഈ ഉപകരണം കണ്ടെത്തിയെന്ന് കമ്മിഷണര്‍ അറിയിച്ചു.
ബാഗിലും സഞ്ചിയിലുമായാണ് പണവും സ്വര്‍ണ്ണവും എടുത്തത്. മോഷണസമയത്ത് ധരിച്ച ടീ ഷര്‍ട്ടും മാസ്‌കും വീട്ടിലെത്തിയ ശേഷം കത്തിച്ചുകളഞ്ഞെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. അതിനാൽ ഇത് കണ്ടെടുക്കാനായിട്ടില്ല.
കീച്ചേരിയിലെ കേസും വളപട്ടണത്തെ കേസും തമ്മില്‍ സാമ്യമുണ്ടായിരുന്നു. വിരലടയാള പരിശോധനയിലാണ് രണ്ടും നടത്തിയത് ലിജീഷാണെന്ന് വ്യക്തമായത്. കൂടുതല്‍ അന്വേഷണം നടക്കുന്നതായി കമ്മിഷണര്‍ അറിയിച്ചു. ഇന്ന് തന്നെ റിമാന്‍ഡ് ചെയ്യും. കുറച്ചുദിവസം കഴിഞ്ഞ് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ ചോദ്യംചെയ്യൽ നടത്തുമെന്നും ഇയാൾ മറ്റുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.