നവീന്‍ ബാബുവിന്റെ ആത്മഹത്യ: അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കുടുംബം

കണ്ണൂര്‍: ജില്ലാ കളക്ടറുടെയും പമ്പുടമ പ്രശാന്തിന്റെയും കോള്‍ റെക്കോഡുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ ആത്മഹത്യ ചെയ്ത എം.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ഹര്‍ജി നല്‍കി. കളക്ടറേറ്റിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കുടുംബത്തിന് തൃപ്തികരമല്ല എന്ന് കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷക സജിത പ്രതികരിച്ചു. കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ നമ്പറല്ലാതെ മറ്റുഫോണ്‍ നമ്പറുകള്‍ കളക്ടറോ, പ്രശാന്തോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റ കോള്‍ഡാറ്റ റെക്കോഡുകളും ടവര്‍ ലൊക്കേഷനുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നാല്‍ ഈ തെളിവുകള്‍ നഷ്ടപ്പെട്ടുപോകുമെന്നാണ് കുടുംബത്തിന്റെ വാദം.

അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ റിപ്പോര്‍ട്ടില്‍ കുടുംബത്തിന് തൃപ്തിയില്ലെന്ന് അഭിഭാഷക അറിയിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെയും പ്രശാന്തിന്റെയും കോള്‍റെക്കോഡുകളാണ് മുഖ്യതെളിവുകളായി അഭിഭാഷക ചൂണ്ടിക്കാണിക്കുന്നത്. കളക്ടര്‍ ഉപയോഗിക്കുന്ന ഒരു ഫോണിലെ കോള്‍ റെക്കോഡുകള്‍ മാത്രമേ അന്വേഷണസംഘം പരിശോധിച്ചിട്ടുള്ളൂവെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി. തെളിവുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക കുടുംബം അഭിഭാഷക മുഖേന പ്രകടിപ്പിച്ചു.

ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എ.ഡി.എം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി. അനുവദിക്കുന്നതിൽ വഴിവിട്ട് ഇടപെടൽ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നും പി.പി.ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചതിനു പിന്നാലെയായിരുന്നു ആത്മഹത്യ. നവീൻ ബാബുവിനെതിരായ ആരോപണത്തിൽ പി.പി.ദിവ്യക്കൊപ്പം കളക്ടർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top