കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജൻ പുറത്ത്; മുന്നറിയിപ്പുമായി നിർമാതാക്കൾ

സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി പരാതി. ചിത്രം തീയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകമാണ് ഒന്നിലേറെ ഡൗൺലോഡ് ക്വാളിറ്റിയിൽ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ലീക്ക് ചെയ്തവർക്കെതിരെ മുന്നറിയിപ്പുമായി നിർമാതാക്കളായ സ്റ്റുഡിയോ ​ഗ്രീനും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം തീയേറ്ററുകളിൽ നിന്ന് ചോർത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.

തമിൾറോക്കേഴ്സ്, ടെലി​ഗ്രാം, ഫിലിമിസില്ല, മൂവീറൂൾസ് പോലുള്ള ടൊറന്റ് സൈറ്റുകളിൽ കങ്കുവയുടെ വ്യാജപ്രിന്റ് പ്രചരിക്കുന്നതായാണ് കണ്ടെത്തൽ. 1080p മുതൽ 240p വരെ ക്വാളിറ്റിയിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്. ഫയൽ എളുപ്പം തിരഞ്ഞ് ഡൗൺലോഡ് ചെയ്യാവുന്ന വിധത്തിലാണ് ഇതുമായി ബന്ധപ്പെട്ട സേർച്ച് വേഡുകളും തയ്യാറാക്കിയിരിക്കുന്നത്. മറ്റു ചില ഓൺലൈൻ പ്ലാറ്റ്‍ഫോമുകളിലും വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

സമീപകാലത്ത് കണ്ടതിൽവെച്ച് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായാണ് സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ കങ്കുവ തിയേറ്ററുകളിലെത്തിയത്. ആഗോളവ്യാപകമായി 38 ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം 1500 വർഷങ്ങൾക്ക് മുൻപുളള കഥയാണ് പറയുന്നത്. സ്റ്റുഡിയോ ​ഗ്രീന്‍, യു.വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, വി. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദിഷ പട്ടാണി നായികയായി എത്തുന്ന ചിത്രത്തിൽ യോഗി ബാബു, പ്രകാശ് രാജ്, കെ.എസ് രവികുമാർ, ജഗപതി ബാബു, ഹരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top