പോരാട്ടത്തില്‍ ചൈനയല്ല, അമേരിക്ക വിജയിക്കുമെന്ന് ഉറപ്പുവരുത്തും; ട്രംപ് ഗൗരവമില്ലാത്ത ആളെന്നും കമല

ചിക്കാഗോ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സ്വീകരിച്ച് നിലവിലെ യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ്. വര്‍ഗ- ലിംഗ- കക്ഷിഭേദമന്യേ എല്ലാ അമേരിക്കക്കാര്‍ക്കുംവേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ആവാനുള്ള നാമനിര്‍ദേശം സ്വീകരിക്കുകയാണെന്ന് നാലു ദിവസമായി ഷിക്കാഗോയില്‍ നടന്ന ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ കമല ഹാരിസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. തന്റെ മാതാവ് ശ്യാമള ഗോപാലനെ കമല പ്രസംഗത്തില്‍ അനുസ്മരിച്ചു.

രാജ്യത്തിന് മുന്‍കാലത്തെ മോശം അനുഭവങ്ങള്‍ മറന്ന് മുന്നോട്ടുനീങ്ങാനുള്ള അസുലഭ അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന് കമല പറഞ്ഞു. ഒരു പാര്‍ട്ടിയുടേയോ വിഭാഗത്തിന്റേയോ അംഗങ്ങളെന്ന നിലയിലല്ലാതെ പുതിയ വഴികള്‍ തുറക്കാനുള്ള അവസരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 21-ാം നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ ചൈനയല്ല, അമേരിക്ക വിജയിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും അവര്‍ അവകാശപ്പെട്ടു.

പലതരത്തില്‍ ഒട്ടും ഗൗരവമില്ലാത്ത മനുഷ്യനാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ട്രംപിനെ വൈറ്റ് ഹൗസില്‍ തിരിച്ചെത്തിക്കുന്നത് വളരെ ഗുരുതരമായ അനന്തരഫലങ്ങളുണ്ടാക്കുമെന്ന് കമല പറഞ്ഞു.

ട്രംപ് ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ കാപിറ്റോളിലേക്ക് ആള്‍ക്കൂട്ടത്തെ അയച്ചു. അവര്‍ ക്രമസമാധാനപാലകര്‍ക്കുനേരെ അതിക്രമം നടത്തി. ആള്‍ക്കൂട്ടത്തെ തിരികെവിളിക്കാനും പ്രശ്‌നം പരിഹരിക്കാനും സ്വന്തം പാര്‍ട്ടിയിലെ ആളുകള്‍ അപേക്ഷിച്ചപ്പോള്‍ അദ്ദേഹം നേരെ വിപരീതമായതുചെയ്തു. എരിതീയില്‍ എള്ളയൊഴിച്ചുവെന്നും കമല ആരോപിച്ചു. ട്രംപിനെതിരായ കേസുകളും അവര്‍ ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top