രാജ്യസഭാ അംഗമായി കമൽ ഹാസൻ; തമിഴിലാണ് സത്യപ്രതിജ്ഞ

ന്യൂഡൽഹി: പ്രശസ്ത നടനും എംഎൻഎം പാർട്ടി നേതാവുമായ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ സംസാരിക്കുന്ന കമൽ ഹാസൻ തന്റെ മാതൃഭാഷയായ തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

പാർലമെന്റിലേക്കുള്ള യാത്രയെ അഭിമാനകരമായി വിശേഷിപ്പിച്ച കമൽ ഹാസൻ, രാജ്യത്തേക്ക് ഏറെ ചെയ്യാനുള്ള കാര്യങ്ങളുണ്ടെന്ന് പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിൽ നിന്ന് പിന്മാറിയ എംഎൻഎം, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കമൽഹാസനെ ഡിഎംകെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

ഇതിനിടെ, ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവും ഉപരാഷ്ട്രപതിയുടെ രാജിയും അടക്കം വിഷയങ്ങളുമായി പാർലമെന്റിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്നു. ബീഹാറിൽ 52 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്നും നീക്കിയതിനെതിരെ പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചു. ഇവർ നടുത്തളത്തിലിറങ്ങി പ്രതിഷേധം പ്രകടിപ്പിച്ചു.

ലോക്സഭാ നടപടികൾ രണ്ടുമണിവരെ പിരിയേണ്ടിവന്നപ്പോൾ, ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികൾ പാർലമെന്റ് കവാടത്തിന് മുൻപിലും പ്രതിഷേധം സംഘടിപ്പിക്കുന്നു. തുടർച്ചയായി നാലു ദിവസമായി കാര്യമായ നിയമനിർമ്മാണ നടപടികളില്ലാതെയാണ് പാർലമെന്റ് പിരിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top