സെപ്റ്റിക് ടാങ്കിൽ മാധ്യമപ്രവർത്തകന്റെ മൃതദേഹം, കൊലപാതകം? മരണം 120 കോടിയുടെ അഴിമതി വാർത്തയ്ക്ക് പിന്നാലെ

മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുള്ള പ്രാദേശിക വാർത്താ ചാനൽ റിപ്പോർട്ടറായ മുകേഷ് ചന്ദ്രാകറാണ് മരിച്ചത്. 28 വയസായിരുന്നു. അടുത്തിടെ മുകേഷ് റിപ്പോർട്ട് ചെയ്ത അഴിമതി വാർത്തയിൽ കുറ്റാരോപിതനായ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മുകേഷിനെ ജനുവരി ഒന്നിനാണ് കാണാതായത്. മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറിൽ റോഡ് നിർമ്മാണത്തിൽ 120 കോടിയുടെ അഴിമതി നടന്നെന്ന് മുകേഷ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിൽ കുറ്റാരോപിതനായിരുന്നു സുരേഷ്. റിപ്പോർട്ടിന് പിന്നാലെ സുരേഷിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

സുരേഷ് ചന്ദ്രാകറിൻ്റെ അനുജനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അനുജനെ കാണാതായെന്ന് ആരോപിച്ച് മുകേഷിന്റെ ജേഷ്ഠനാണ് പൊലീസിനെ സമീപിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷിന്റെ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളുമാണ് കേസിൽ നിർണായകമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സുരേഷ് ചന്ദ്രാകറെയും സഹോദരൻ റിതേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top