ഐവിഎഫ് കേന്ദ്രവും പ്രസവാശുപത്രികളും തകർത്തു; ഗാസയിൽ മനുഷ്യരാശിയെ ഇല്ലാതാക്കുന്ന ഇസ്രയേൽ പദ്ധതി: റിപ്പോർട്ട്

ലൈംഗികാതിക്രമത്തെ യുദ്ധ തന്ത്രമായി ഇസ്രയേല്‍ ഉപയോഗിച്ചെന്നും യുഎന്‍ വിദഗ്ദര്‍ പറയുന്നു

ഗാസ: ഗാസയില്‍ മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ ഇസ്രയേല്‍ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. വന്ധ്യതാനിവാരണ കേന്ദ്രങ്ങള്‍, സ്ത്രീകളുടെ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ നശിപ്പിച്ചുവെന്നാണ് ഐക്യരാഷ്ട്രയുടെ കണ്ടെത്തല്‍. ലൈംഗികാതിക്രമത്തെ യുദ്ധ തന്ത്രമായി ഇസ്രയേല്‍ ഉപയോഗിച്ചെന്നും യുഎന്‍ വിദഗ്ദര്‍ പറയുന്നു.

ഇസ്രയേല്‍ ഗാസയിലെ വന്ധ്യതാനിവാരണ കേന്ദ്രങ്ങള്‍ മനപ്പൂര്‍വം ആക്രമിക്കുകയും തകര്‍ക്കുകയും ചെയ്തു, ഗര്‍ഭധാരണം, പ്രസവം, നവജാത ശിശു സംരക്ഷണം എന്നിവയ്ക്കുള്ള മരുന്നുകള്‍ തടഞ്ഞു വെച്ചു തുടങ്ങിയ നപടികള്‍ ഇസ്രയേല്‍ സ്വീകരിച്ചെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസന്‍ ജനതയുടെ ലൈംഗികവും പ്രതുല്‍പ്പാദനപ്പരവുമായ ആരോഗ്യസംരക്ഷണത്തെ ഇസ്രയേല്‍ വ്യവസ്ഥാപിതമായി തകര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ രണ്ട് തരം വംശഹത്യാ പ്രവര്‍ത്തികളാണ് ഇസ്രയേല്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസയിലെ പ്രധാനമായ ഐവിഎഫ് കേന്ദ്രമായ അല്‍ ബാസ്മ ആശുപത്രിക്കൊപ്പം പ്രസവാശുപത്രികള്‍ തകര്‍ത്തു. ഒരു മാസം 2000 മുതല്‍ 3000 വരെ രോഗികളെ ചികിത്സിക്കുന്ന അല്‍ ബാസ്മയിലെ മനപ്പൂര്‍വമുള്ള ഷെല്ലാക്രമണത്തില്‍ 4000ത്തിലധികം ഭ്രൂണങ്ങളാണ് നശിക്കപ്പെട്ടത്. ലൈംഗികാതിക്രമത്തില്‍ ഇരയായവരുടെയും സാക്ഷികളുടെയും മൊഴി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യുഎന്‍ രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഗാസന്‍ ജനതയെ പരസ്യമായി നഗ്നരാക്കുകയും ബലാത്സംഗ ഭീഷണി മുഴക്കിയെന്നും ബലാത്സംഗം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേസമയം യുഎന്‍ അന്വേഷണങ്ങള്‍ക്കെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. തെറ്റായ അസംബന്ധ ആരോപണങ്ങളാണ് യുഎന്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിനെ ആന്റി ഇസ്രയേല്‍ സര്‍ക്കസ്, ജൂത വിരുദ്ധ, അഴിമതിയെയും തീവ്രവാദത്തെയും പിന്തുണക്കുന്ന അപ്രസക്തമായ സംഘടനയാണെന്നും നെതന്യാഹു കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top