ഇന്ത്യന്‍ ടീമിന് കിരീടം സമ്മാനിക്കുന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ പാകിസ്താന്‍ ക്രിക്കറ്റിന്റെ പ്രതിനിധികള്‍ ഇല്ലാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്
ദുബായില്‍ ഞായറാഴ്ച നടന്ന ചാംപ്യന്‍സ് ട്രോഫി സമ്മാനദാന ചടങ്ങിലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളുടെ അഭാവത്തില്‍ നിരാശ പ്രകടിപ്പിച്ച് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍. ചാംപ്യന്‍സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിക്കാന്‍ പിസിബിയുടെ ഒരു പ്രതിനിധി ഉണ്ടായിരിക്കണമായിരുന്നെന്ന് അക്തര്‍ പറഞ്ഞു.
‘ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയിരിക്കുകയാണ് ഇന്ത്യ. അതിനിടെ ഒരു വിചിത്രമായ കാര്യം നടന്നിരിക്കുകയാണ്. സമ്മാനദാന ചടങ്ങില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല. ചാംപ്യന്‍സ് ട്രോഫിയുടെ ആതിഥേയത്വം പാകിസ്താനാണ്. പക്ഷേ പാകിസ്താന്റെ ഒരു പ്രതിനിധിയും അവിടെ ഉണ്ടായിരുന്നില്ല. ട്രോഫി അവതരിപ്പിക്കാനും അവിടെ ആരും ഉണ്ടായിരുന്നില്ല. അത് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്.
ഒന്ന് ആലോചിച്ചു നോക്കൂ, ചാംപ്യന്‍സ് ട്രോഫി ഒരു ലോക വേദിയാണ്. അവിടെ നിങ്ങള്‍ ഉണ്ടാവേണ്ടിയിരുന്നു. ടൂര്‍ണമെന്റ് ആതിഥേയത്വം വഹിച്ചത് ഞങ്ങളാണ്, പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല. അത് കാണുമ്പോള്‍ വളരെ വിഷമം തോന്നുന്നു.’ അക്തര്‍ പറഞ്ഞു.
ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് കിരീടം സമ്മാനിക്കുന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ പാകിസ്താന്‍ ക്രിക്കറ്റിന്റെ പ്രതിനിധികള്‍ ഇല്ലാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ജയ് ഷായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ചാംപ്യന്‍സ് ട്രോഫി സമ്മാനിച്ചത്. ചാംപ്യന്മാര്‍ക്കുള്ള ഐക്കോണിക് വൈറ്റ് ബ്ലേസറുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് റോജര്‍ ബിന്നി കൈമാറി. വേദിയിലുണ്ടായിരുന്ന മറ്റ് വിശിഷ്ട വ്യക്തികളില്‍ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരും ഉള്‍പ്പെടുന്നു.
ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ മൂന്നാം തവണയും മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം വീണ്ടെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ (76) അര്‍ധ സെഞ്ച്വറിയും ശ്രേയസ് അയ്യരുടേയും (48) കെ എല്‍ രാഹുലിന്റേയും (34*) ബാറ്റിങ് പ്രകടനങ്ങളും സ്പിന്നര്‍മാരുടെ മിന്നും ബൗളിങ്ങുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.