‘രാജ്യത്തിനായി കളിക്കുന്നത് സന്തോഷമാണ്, പക്ഷേ കളത്തിൽ എനിക്ക് ടെൻഷനുണ്ടായിരുന്നു’: വരുൺ ചക്രവർത്തി

‘മത്സരത്തിൽ വിജയം ഉണ്ടായത് എന്റെ മാത്രം ബൗളിങ് കൊണ്ടല്ല’

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ തകർപ്പൻ ബൗളിങ്ങിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി. ‘മത്സരത്തിന്റെ തുടക്കത്തിൽ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ ഇന്ത്യയ്ക്കായി ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടില്ല. പ്രത്യേകിച്ചും ഏകദിന ക്രിക്കറ്റിൽ. വിരാട് കോഹ്‍ലി, രോഹിത് ശർമ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ എന്നിവർ എന്നോട് സംസാരിച്ചു. അത് എനിക്ക് ​ഗുണം ചെയ്തു. ഇന്ത്യയ്ക്കായി കളിക്കുന്നത് എനിക്ക് സന്തോഷമാണ്. എന്നാൽ മറുവശത്ത് എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. മത്സരത്തിൽ വിജയം ഉണ്ടായത് എന്റെ മാത്രം ബൗളിങ് കൊണ്ടല്ല. കുൽദീപ്, ജഡേജ, അക്സർ, പേസ് ബൗളർമാർ തുടങ്ങിയവരുടെ കൂട്ടായ ശ്രമമാണ് ഇന്ത്യയുടെ വിജയം.’ വരുൺ ചക്രവർത്തി പറഞ്ഞു.

‌ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ 44 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിട്ടുണ്ട്. 79 റൺസെടുത്ത ശ്രേയസ് അയ്യരും 45 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്കായി ബാറ്റിങ്ങിൽ തിളങ്ങിയത്.

മറുപടി പറഞ്ഞ ന്യൂസിലാൻഡ് 45.3 ഓവറിൽ 205 റൺസിൽ ഓൾ ഔട്ടായി. കിവീസിനായി കെയിൻ വില്യംസൺ 81 റൺസെടുത്ത് ടോപ് സ്കോററായി. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റെടുത്തു. മത്സരത്തിന് പിന്നാലെേ ചാംപ്യൻസ് ട്രോഫിയുടെ സെമി ലൈനപ്പും വ്യക്തമായി. നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മറ്റെന്നാൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്ക പോരാട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top