‘ഹമാസിന്‍റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം’
ന്യൂയോർക് സിറ്റി: ഇസ്രയേലി ബന്ദികളുടെ മൃതദേഹം കൈമാറിയ ഹമാസിന്റെ രീതികളെ വിമർശിച്ച് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ബന്ദികളുടെ ശവമഞ്ചവുമായി പരേഡ് നടത്തിയതും പ്രദര്‍ശിപ്പിച്ചതും ശരിയായില്ല. ഹമാസ് നടപടിയെ ശക്തമായി അപലപിക്കുന്നു. ഹമാസിന്‍റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു.
നേരത്തെ ഹമാസ് കൈമാറിയ ബന്ദികളിൽ ഒരാളുടെ മൃതദേഹം തങ്ങളുടെ രാജ്യക്കാരിയുടേത് അല്ലെന്ന് പറഞ്ഞ് ഇസ്രയേൽ രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്‍റേത് അടക്കം നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രായേലിന് കൈമാറിയിരുന്നു. ഇതിൽ ശിരി ബിബാസ് എന്ന യുവതിയുടെ മൃതദേഹം മാറി എന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഹമാസിന്‍റേത് ബന്ദി കൈമാറ്റ വ്യവസ്ഥകളുടെ ഗുരുതര ലംഘനമാണ്. ശിരി ബിബാസിന്‍റെ മൃതദേഹം വിട്ട് നല്‍കണമെന്നും ഇസ്രയേൽ ഹമാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കഫിര്‍ ബിബാസിൻ്റെയും നാല് വയസുള്ള സഹോദരന്‍ ഏരിയലിൻ്റെയും മാതാവ് ശിരി ബിബാസിൻ്റെയും മറ്റൊരാളായ ഒഡെഡ് ലിഫ്ഷിട്‌സിന്റെയും മൃതദേഹമാണ് കൈമാറിയിരുന്നത്. ശിരി ബിബാസും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത് ഇസ്രായേല്‍ ആക്രമണത്തിലാണെന്നാണ് ഹമാസ് ആരോപിച്ചിരുന്നു. ബന്ദികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നുവെന്നും ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദി കൈമാറ്റം നടന്നത്. ഇസ്രയേലിന് ഇത് സങ്കടമുള്ളതും ബുദ്ധിമുട്ടേറിയതുമായ ദിവസമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
ഗാസയ്ക്ക് സമീപമുള്ള കിബ്ബുട്‌സ് നിര്‍ ഒസില്‍ നിന്ന് കഫിര്‍ ബിബാസിൻ്റെ പിതാവ് യാര്‍ഡനടക്കമുള്ള ബിബാസ് കുടുംബത്തെ ഹമാസ് തട്ടിക്കൊണ്ടുമ്പോള്‍ ഒമ്പത് മാസമായിരുന്നു കഫിറിൻ്റെ പ്രായം. 2023 ഒക്ടോബര്‍ ഏഴിനാണ് തട്ടിക്കൊണ്ടുപോയത്.
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഫിറും സഹോദരനും മാതാവും കൊല്ലപ്പെട്ടതായി 2023 നവംബറില്‍ തന്നെ ഹമാസ് അറിയിച്ചിരുന്നു. എന്നാല്‍ മരണം ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നില്ല. ഈ മാസം തുടക്കത്തില്‍ ജയിലിലെ ബന്ദികളെ തിരിച്ചയക്കുന്ന കൂട്ടത്തില്‍ യാര്‍ദെന്‍ ബിബാസിനെ ഹമാസ് വിട്ടയച്ചിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ക്കും അമ്മയ്ക്കും എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നത് വരെ തങ്ങളുടെ യാത്ര അവസാനിക്കില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. കരാര്‍ പ്രകാരമുള്ള മൃതദേഹങ്ങളുടെ കൈമാറ്റത്തിന്റെ ആദ്യ ഘട്ടമാണ് ഇന്നലെ നടന്നത്.