ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഡിസംബര്‍ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് സുപ്രധാന ദൗത്യമൊരുങ്ങുന്നത്. പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിക്കുക. പോയെം അഥവാ പി.എസ്.എല്‍.വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റ് മൊഡ്യൂള്‍ ( PSLV Orbital Experiment Module- POEM) എന്നാണ് ഇങ്ങനെ റോക്കറ്റ് ഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിനെ വിളിക്കുന്നത്. ഇത്തവണ ബഹിരാകാശത്ത് ഉപഗ്രങ്ങള്‍ എത്തിച്ചതിന് ശേഷം റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിന്റെ ഭാഗങ്ങളാണ് ഇതിനായി വീണ്ടുമുപയോഗിക്കുന്നത്.
അതുകൊണ്ട് ഇതിനെ പോയെം-4 (POEM-4 ) എന്നാണ് ഐഎസ്ആര്‍ഒ വിശേഷിപ്പിക്കുന്നത്. വിത്ത് മുളപ്പിക്കുന്നതിന് പുറമെ ബഹിരാകാശ മാലിന്യങ്ങളെ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും പോയെം-4ല്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഗ്രീന്‍ പ്രൊപ്പല്‍ഷന്‍ സംവിധാനം പരീക്ഷിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. റോക്കറ്റില്‍ രണ്ട് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ബഹിരാകാശത്ത് വെച്ച് രണ്ട് യൂണിറ്റുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള സ്‌പെഡെക്‌സ് പരീക്ഷണം നടത്താനുള്ള ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ്. ഇവയെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം ബാക്കിയാകുന്ന റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിലാണ് മറ്റ് പരീക്ഷണങ്ങള്‍ നടക്കുക.
POEM-4 ദൗത്യത്തില്‍ 24 പരീക്ഷണങ്ങളുണ്ടാകും. അതില്‍ പതിന്നാലെണ്ണം ഐ.എസ്.ആര്‍.ഒ.യുടെ വിവിധ ലാബുകളുടെയും പത്തെണ്ണം സ്വകാര്യ യൂണിവേഴ്സിറ്റികളുടെയുമാണ്. എട്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്താനാണ് ഐ.എസ്.ആര്‍.ഒ.യുടെ പദ്ധതി. രണ്ട് ഇലകള്‍ ആയി വരുന്നതുവരെയുള്ള സസ്യത്തിന്റെ നിലനില്‍പ്പും പരിശോധിക്കും.വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ വികസിപ്പിച്ച ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസര്‍ച്ച് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം. മുംബൈയിലെ അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്സ്പെരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്പെയ്സിലാണ് (APEMS) ആണ് വിത്തിന്റെ പരീക്ഷണം നടത്തുക. മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയില്‍ ചീരയുടെ വളര്‍ച്ച പഠിക്കലാണ് ലക്ഷ്യം.
ഒരേസമയത്തുതന്നെ POEM-4 ലും പുറത്തും പരീക്ഷണങ്ങള്‍ നടത്തും. സസ്യങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെയും പ്രകാശത്തിന്റെയും ദിശ മനസ്സിലാക്കുന്നതു സംബന്ധിച്ച ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഇത് വഴിയാവും എന്നാണ് പ്രതീക്ഷ.