ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് തീയിട്ട് ഇസ്രഈല്‍ സൈന്യം; രോഗികളേയും ജീവനക്കാരേയും അര്‍ധ നഗ്നരാക്കി ഇറക്കിവിട്ടു

ഗസ: വടക്കന്‍ ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് തീയിട്ട് ഇസ്രഈല്‍ സൈന്യം. വടക്കന്‍ ഗസയില്‍ പ്രവര്‍ത്തനം നടത്തുന്ന അവസാന ആശുപത്രിയാണിത്. ആശുപത്രി കുറെ മാസങ്ങളായി ഇസ്രഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു.

തീപ്പിടുത്തത്തില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ റൂമുകളും ലബോറട്ടറികളും മറ്റ് അത്യാഹിത വിഭാഗങ്ങളും നശിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ റെയ്ഡ് നടത്തിയ ഇസ്രഈല്‍ സൈന്യം അതിശൈത്യത്തിലേക്ക് രോഗികളേയും ആശുപത്രി ജീവനക്കാരേയും വസ്ത്രമഴിച്ച് ഇറക്കി വിട്ടതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഗസയില്‍ അതിശൈത്യത്തെ തുടര്‍ന്ന് നാല് കുഞ്ഞുങ്ങള്‍ തണുത്ത് മരവിച്ച് മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്. ഇസ്രഈല്‍ സൈന്യം ആശുപത്രി ആക്രമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആശുപത്രിയിലെ ജീവനക്കാരുമായുള്ള ആശയവിനിമയം നഷ്ടപ്പെതായി പ്രാദേശിക പത്രപ്രവര്‍ത്തകനായ ഇസ്‌ലാം അഹ്‌മദ് റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യ പ്രവര്‍ത്തകരെ ഇസ്രഈല്‍ ബോധപൂര്‍വം ലക്ഷ്യമിടുന്നതായി ആശുപത്രി മേധാവി ഹൊസാം അബു സഫിയ ആരോപിച്ചു. ഇസ്രഈല്‍ സൈന്യം ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം ഓഫ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 50 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണം നടന്നത്. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ അഞ്ച് മെഡിക്കല്‍ സ്റ്റാഫുകളും അവരുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച്ചയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ആശുപത്രിയിലെ അവസാന ഐ.സി.യുവിന് തീപ്പിടിച്ചിരുന്നു. ആശുപത്രിയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാന്‍ ആശുപത്രി അധികൃതര്‍ 75 ദിവസത്തിലധികമായി ലോകത്തോട് അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും അബു സഫിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top