ന്യൂഡല്‍ഹി: മധ്യപൂർവേഷ്യയിൽ നിലവിൽ തുടരുന്ന സംഘർഷത്തിൽ ഇസ്രയേലിനെ സഹായിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറബ് ലോകത്തെ യു.എസ് സഖ്യകക്ഷികളോട് ഇറാന്‍. യുഎസ് സൈനികർക്ക് താവളമൊരുക്കുന്ന, എണ്ണശേഖരമുള്ള സമ്പന്ന ഗൾഫ് രാഷ്ട്രങ്ങളെയാണ് ഇറാൻ താക്കീത് ചെയ്തിരിക്കുന്നത്. തങ്ങളുടെ പ്രദേശങ്ങളോ വ്യോമമേഖലയോ ഉപയോഗിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം ആദ്യം ഇസ്രയേലിന് നേര ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയും പ്രധാന കമാൻഡർമാരും കൊല്ലപ്പെട്ടതാണ് ഇറാനെ ചൊടിപ്പിച്ചത്. എന്നാല്‍ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളും റോക്കറ്റുകളും ഇസ്രയേല്‍ ആകാശത്തുവെച്ചുതന്നെ അയേൺ ഡോമുകള്‍ വച്ച് തകര്‍ത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറയുന്നത്. ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. പൊതുശത്രുവിനെ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും സഹായത്തോടെ ഇറാന്‍ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോല്‍പ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാഴ്ചയായി സൈനികനടപടി തുടരുന്ന ലെബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബരാഷീതിലെ അഗ്‌നിരക്ഷാസേനയുടെ കേന്ദ്രത്തിലാണ് അന്ന് ആക്രമണമുണ്ടായത്. തെക്കന്‍ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശം നല്‍കിയിരുന്നു. വ്യോമാക്രമണത്തിനൊപ്പം തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതല്‍ കരയാക്രമണവും നടത്തുന്നുണ്ട്. മിസൈലുകള്‍, റോക്കറ്റ് വിക്ഷേപണസ്ഥലങ്ങള്‍, നിരീക്ഷണഗോപുരങ്ങള്‍, ആയുധപ്പുരകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രയേല്‍ പറഞ്ഞു. ഇസ്രയേല്‍ അതിര്‍ത്തിയിലേക്കെത്താന്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തുരങ്കങ്ങളും ഇസ്രയേല്‍ നശിപ്പിച്ചു.