മാരുതി 800 ന്റെ ഉപജ്ഞാതാവ്; സുസുകി മോട്ടോര്‍സ് മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു

സുസുക്കി മോട്ടോര്‍സിന്റെ മുൻ ചെയർമാനും ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലക്ക് ഒരു പുതുയുഗത്തിന് തുടക്കമിട്ട വ്യക്തിയുമായി ഒസാമു സുസുക്കി 94-ാം വയസ്സിൽ അന്തരിച്ചു. ലിംഫോമ എന്ന രോഗത്തെ തുടർന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സുസുക്കി മോട്ടോർ കോർപ്പറേഷനിൽ ജൂനിയർ മാനേജ്‌മെന്റ് തസ്തികയിൽ തുടങ്ങി കമ്പനിയുടെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തോടെ 1963-ൽ ഡയറക്ടർ സ്ഥാനത്തെത്തിയ ഒസാമു, 1978-ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി.

2000-ൽ അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. മൂന്ന് ദശകങ്ങളായി നേതൃസ്ഥാനത്ത് തുടർന്ന ഒസാമു തന്റെ 86-ാം വയസിൽ 2016-ൽ പ്രസിഡന്റ് സ്ഥാനം മകൻ തൊഷിഹിറോ സുസുക്കിക്ക് കൈമാറി. 2021-ൽ തന്റെ 91-ാം വയസിലായിരുന്നു ഒസാമു സുസുക്കി മോട്ടോറിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചത്.

ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയുടെ പിറവിയുടെ സാക്ഷിയാകാൻ ഒസാമു സുസുക്കിക്ക് സാധിച്ചു. 1980-കളിൽ ഇന്ത്യൻ വാഹന വിപണി വളരെ ചെറുതായിരുന്നപ്പോൾ, അതിന്റെ അപാരമായ സാധ്യതകൾ തിരിച്ചറിഞ്ഞത് ഒസാമു സുസുക്കിയായിരുന്നു.1980ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച സുസുകി, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളിലൊന്നായി മാറി. 1983-ൽ പുറത്തിറങ്ങിയ മാരുതി 800 ഇന്ത്യൻ റോഡുകളിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ഇന്ന് ഇന്ത്യയുടെ നിരത്തുകളിൽ മാരുതി കാറുകൾ സാധാരണക്കാരായെത്തുന്ന കാഴ്ച സുസുക്കിയുടെ ദീർഘദർശിയായ നേതൃത്വത്തിന്റെ ഫലമാണ്.

1930 ജനുവരി 30 ന് ജപ്പാനിലെ ജെറോയിലാണ് ഒസാമുവിന്റെ ജനനം. സുസുകി സ്ഥാപകന്‍ മിഷിയോ സുസുകിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചാണ് ഒസാമു സുസുകി കുടുംബത്തിലേയ്ക്ക് എത്തുന്നത്. വ്യവസായ പാരമ്പര്യത്തിന് അനന്തരാവകാശിയാകാന്‍ കുടുംബത്തില്‍ ആണ്‍കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ഒസാമുവിന്റേത് ദത്തെടുക്കല്‍ വിവാഹമായിരുന്നു. അതിന് ശേഷമാണ് ഭാര്യയുടെ കുടുംബപ്പേരായ സുസുകി ഒസാമുവിന്റെ പേരിനൊപ്പം ചേരുന്നത്. 1958-ൽ മിഷിയോ സുസുകിയുടെ കോർപ്പറേഷനിൽ ചേർന്നതോടെയാണ് കമ്പനിയുമായുള്ള സുസുക്കിയുടെ ഇടപെടൽ ആരംഭിച്ചത്. 1970-കളുടെ അവസാനത്തിൽ അദ്ദേഹം പ്രസിഡൻ്റായി. ടൊയോട്ടയുമായി ഒരു എഞ്ചിൻ വിതരണ കരാർ നേടുകയും 1979-ൽ ജനപ്രിയ ആൾട്ടോ മിനിവാൻ നിർമ്മിക്കുകയും ചെയ്തുകൊണ്ട് സ്ഥാപനത്തെ കടത്തിൽ നിന്ന് രക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top