എസ്‍സിഒ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് പാകിസ്ഥാൻ

ദില്ലി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ്റെ കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് ഗവൺമെൻ്റ് മീറ്റിംഗിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി പാകിസ്ഥാൻ. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ്റെ (എസ്‌സിഒ) കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെന്റിന്റെ (സിഎച്ച്ജി) അധ്യക്ഷ സ്ഥാനം ഇക്കുറി പാകിസ്ഥാനാണ് വഹിക്കുന്നത്. ഒക്‌ടോബർ 15,16 തീയതികളിലാണ് യോ​ഗം നടക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ രാഷ്ട്രത്തലവന്മാർക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണമയച്ചുവെന്ന് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു.

പാകിസ്താൻ ഇന്ത്യയുമായി നേരിട്ട് ഉഭയകക്ഷി വ്യാപാരം നടത്തുന്നില്ല. ഇസ്ലാമാബാദ് ഉച്ചകോടി യോഗത്തിന് മുമ്പ് മന്ത്രിതല യോഗവും സാമ്പത്തിക, സാമൂഹിക-സാംസ്കാരിക വിഷയങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗങ്ങളും നടക്കുമെന്നും മുംതാസ് സഹ്റ പറഞ്ഞു. എസ്‌സിഒ അംഗരാജ്യങ്ങൾക്കിടയിൽ സഹകരണം അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി. ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് എസ്‌സിഒയിലുള്ളത്. വിർച്വൽ രീതിയിൽ സംഘടിപ്പിച്ച എസ്‌സിഒ ഉച്ചകോടിക്ക് ഇന്ത്യ കഴിഞ്ഞ വർഷം ആതിഥേയത്വം വഹിച്ചിരുന്നു.

അന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുത്തു.  2023 മെയ് മാസത്തിൽ ഗോവയിൽ നടന്ന എസ്‌സിഒ കൗൺസിൽ ഓഫ് ഫോറിൻ മിനിസ്റ്റേഴ്സിൻ്റെ നേരിട്ടുള്ള ദ്വിദിന യോഗത്തിൽ പങ്കെടുക്കാൻ ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തി. 12 വർഷത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top