2024ല്‍ രൂപ ഇടിഞ്ഞത് മൂന്ന് ശതമാനത്തിലധികം; അസ്ഥിരത തുടര്‍ന്നേക്കും

നത്ത തകര്‍ച്ചയാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 2024ല്‍ ഉണ്ടായത്. മൂന്ന് ശതമാനത്തിലധികം ഇടിവ്. 2024ന്റെ തുടക്കത്തിലെ (ഡോളറിന്) 83.19 രൂപ എന്ന നിലവാരത്തില്‍ നിന്ന് ഡിസംബര്‍ 28ലെ 85.80 എന്ന റെക്കോഡ് താഴ്ചയിലേക്കാണ് രൂപ തകര്‍ന്നത്. നേരിയ തോതില്‍ ഉയര്‍ന്ന് 85.50 നിലവാരത്തിലാണ് 30ന് രാവിലെ വ്യാപാരം നടന്നത്.

ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായി ഇടിവുണ്ടായത്. മൂന്ന് മാസത്തിനിടെയാണ് മൂല്യം കാര്യമായി കുറഞ്ഞതെന്ന് കാണാം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നയവും വീക്ഷണവും രാജ്യത്തെ ഓഹരികളില്‍നിന്നും കടപ്പത്രങ്ങളില്‍നിന്നും വന്‍തോതില്‍ വിദേശ നിക്ഷേപം പുറത്തേയ്‌ക്കൊഴുകാനിടയാക്കി. അതോടയാണ് രൂപയുടെ മൂല്യത്തില്‍ അനിശ്ചിതത്വം വര്‍ധിച്ചത്. ഇതെല്ലാം സംഭവിച്ചതാകട്ടെ കഴിഞ്ഞ മൂന്നു മാസത്തിനിടെയും.

നാല് വര്‍ഷത്തിന് ശേഷം ആദ്യമായാണ് സെപ്റ്റംബര്‍ 18ന് യുഎസ് ഫെഡ് നിരക്ക് കുറച്ചത്. അതിന് പിന്നാലെ സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. തുടര്‍ന്നങ്ങോട്ട് വിദേശ നിക്ഷേപകരുടെ പിന്മാറ്റമായിരുന്നു. ഡിസംബര്‍ 27വരെ ഒരു ലക്ഷം കോടി രൂപയുടെ അറ്റവില്പന(എന്‍എസ്ഡിഎല്‍)യാണ്‌ വിദേശികള്‍ നടത്തിയതെന്ന് എന്‍എസ്ഡിഎലില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ മാത്രം രൂപയുടെ മൂല്യം 2.2ശതമാനത്തോളം ഇടിവ് നേരിട്ടു.

ഇതുകൊണ്ട് അവസാനിക്കില്ലെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. അടുത്ത പാദത്തിലും കനത്ത ചാഞ്ചാട്ടമാകും രൂപ നേരിടേണ്ടിവരിക. 2025 മാര്‍ച്ചോടെ മൂല്യം 86.50 നിലവാരത്തിലെത്തുമെന്നും വിലയിരുത്തലുണ്ട്. ട്രംപ് അധികാരമേറ്റ ശേഷം വരാനിരിക്കുന്ന അനിശ്ചിതത്വങ്ങളൊടൊപ്പം കേന്ദ്ര ബജറ്റും ഫെബ്രുവരിയിലെ ആര്‍ബിഐയുടെ പണനയ സമീപനവുമൊക്കെയാകും രൂപയുടെ അസ്ഥിരതയ്ക്ക് കാരണം.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫും മറ്റ് ഏഷ്യന്‍ കറന്‍സികള്‍ക്ക് തിരിച്ചടിയായി. ഡോളര്‍ സൂചിക കരുത്തോടെ കുതിക്കുന്നതും യുഎസ് ഫെഡിന്റെ നിരക്ക് തന്ത്രവും രൂപയ്ക്ക് കൂടുതല്‍ തിരിച്ചടിയാകാനാണ് സാധ്യത.

അതുകൊണ്ടുതന്നെ ജനുവരി-മാര്‍ച്ച് കാലയളവ് രൂപയ്ക്ക് നിര്‍ണായകമാണ്. മാര്‍ച്ചിന് ശേഷം പണനയത്തില്‍ റിസര്‍വ് ബാങ്ക് ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ വിദേശ നിക്ഷേപത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാം. രൂപ സ്ഥിരതയാര്‍ജിക്കാനും അത് കാരണമാകാം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top