2024-ല്‍ ഇതുവരെ ജയിക്കാനാകാത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീം, സ്പാനിഷ് പരിശീലകന്‍ മനോളോ മാര്‍ക്വേസിനുകീഴില്‍ ആദ്യമത്സരം കഴിഞ്ഞ് കരയ്ക്കുകയറുമ്പോള്‍ ആ ചോദ്യം ഒന്നുകൂടി ഉച്ചത്തില്‍ മുഴങ്ങുന്നു. സുനില്‍ ഛേത്രിക്കുശേഷം ഇന്ത്യന്‍ ടീമിനായി ആരു ഗോളടിക്കും? മനോളോയ്ക്കുമുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധിയും ഗോളടിക്കാരെ കണ്ടെത്തുകയെന്നതാകുമെന്നാണ് മൗറീഷ്യസിനെതിരായ മത്സരം നല്‍കുന്ന സൂചന.
റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള മൗറീഷ്യസിനെതിരേ ചൊവ്വാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ മുന്നേറ്റനിര വിയര്‍ക്കുകയായിരുന്നു. ഫൈനല്‍ തേര്‍ഡില്‍ യാതൊരു സമ്മര്‍ദവും സൃഷ്ടിക്കാനായില്ലെന്നു മാത്രമല്ല മനോളോയുടെ ഗെയിംപ്ലാനിനനുസരിച്ച് ഗോള്‍ നേടാനുള്ള ക്ലിനിക്കല്‍ സ്ട്രൈക്കറുടെ അഭാവവും പ്രകടമായി.
വിങ്ങുകളിലൂടെയുള്ള ആക്രമണമാണ് ഇന്ത്യന്‍ ഫുട്ബോളില്‍ മനോളോ മാര്‍ക്വേസ് ഭംഗിയായി നടപ്പാക്കുന്നത്. 4-2-3-1 ശൈലിയില്‍ മികച്ച രണ്ടു വിങ്ങര്‍മാരും കയറിയിറങ്ങിക്കളിക്കുന്ന രണ്ട് വിങ്ബാക്കുകളുമാണ് സ്പാനിഷ് പരിശീലകന്റെ ഗെയിംപ്ലാനിന്റെ നട്ടെല്ല്. ലാലിയന്‍ സുവാല ചാങ്തേയും ലിസ്റ്റണ്‍ കൊളാസോയും അതിവേഗക്കാരായ വിങ്ങര്‍മാരാണ്. ജയ് ഗുപ്തയും നിഖില്‍ പൂജാരിയും അശീഷ് റായിയുമൊക്കെ കയറിക്കളിക്കാന്‍കഴിയുന്ന വിങ്ബാക്കുകളുമാണ്. എന്നാല്‍, വിങ്ങുകളിലൂടെ താഴ്ന്നും ഉയര്‍ന്നും വരുന്ന പന്തുകളെ ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ ആളില്ലാത്തതാണ് പ്രശ്‌നം. മന്‍വീര്‍ സിങ്ങാണ് സെന്‍ട്രല്‍ സ്ട്രൈക്കര്‍ റോളില്‍ കഴിഞ്ഞദിവസം കളിച്ചത്.