ചാമ്പ്യൻസ് ട്രോഫി: നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ല

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ല. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന് പകരം ചാമ്പ്യൻസ് ട്രോഫിയിലെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ദുബായില്‍ കളിക്കാമെന്ന് ബിസിസിഐ പാക് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്കില്ലെന്നാണ് തങ്ങളുടെ ഉറച്ച നിലപാടെന്നും അത് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും ഇക്കാര്യം പാക് ബോര്‍ഡിനെ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ടെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്.

അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9വരെ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാന്‍ തയാറാവാത്തതിനെത്തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ മാസംഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ധറും കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് ബന്ധങ്ങള്‍ സാധാരണഗതിയിലാകുമെന്ന ആരാധകരുടെ പ്രതീക്ഷ കൂടിയാണ് ബിസിസിഐ തീരുമാനത്തോടെ അസ്ഥാനത്തായത്. 2015നുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. പാക് ആഭ്യന്ത്രമന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ സയ്യിദ് മൊഹ്സിന്‍ നഖ്‌വിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top