ഇന്ത്യ പെര്‍ത്തിലിറങ്ങുക മുന്‍നിര ബാറ്റ്സ്മാന്‍മാരില്ലാതെ; ടീമിനെ നയിക്കാന്‍ ബുംറക്കിത് രണ്ടാം അവസരം

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്റെ നവജാത ശിശുവിനൊപ്പം സമയം ചിലവഴിക്കണമെന്ന കാരണത്താല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിലെ ഒന്നാം മത്സരത്തിനായി പെര്‍ത്തിലേക്ക് എത്തില്ലെന്നിരിക്കെ ടീം ഇന്ത്യയിറങ്ങുക മുന്‍നിര ബാറ്റ്സ്മാന്‍മാരില്ലാതെ. രോഹിത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനും പേസ് കുന്തമുനയുമായ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ബൗളര്‍ പ്രസീദ് കൃഷ്ണയുടെ കൈമുട്ട് കൊണ്ട് പരിക്കേറ്റതിനെ തുടര്‍ന്ന് കെ.എല്‍ രാഹുല്‍ കളംവിട്ടിരുന്നു. പരിക്ക് സാരമുള്ളതല്ലെങ്കിലും ഒന്നാം മത്സരത്തില്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ പെര്‍ത്തില്‍ ഓപ്പണര്‍മാരില്‍ ഒരാളായി കണക്കാക്കിയിരുത് കെ.എല്‍ രാഹുലിനെയായിരുന്നു.

കൈവിരലിന് പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ നേരത്തെ ഓസ്‌ട്രേലിയ പര്യടനത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. രോഹിത്തിനും ഗില്ലിനും പകരം കെ.എല്‍. രാഹുലും അഭിമന്യു ഈശ്വരനും ടീമില്‍ ഇടം പിടിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കെ.എല്‍ രാഹുലിനും പരിക്കേറ്റത്. വെടിക്കെട്ട് ബാറ്റര്‍ ദേവ്ദത്ത് പടിക്കലാണ് പെര്‍ത്ത് ടെസ്റ്റിന് പരിഗണിച്ചേക്കാവുന്ന മറ്റൊരാള്‍. കെഎല്‍ രാഹുല്‍ മത്സരത്തിന് മുന്‍പ് ഫിറ്റ്‌നസ് കൈവരിക്കുമെന്ന് ബി.സി.സി.ഐ. അറിയിച്ചു. അതിനിടെ സ്വന്തം മണ്ണില്‍ ന്യസീലന്‍ഡിനോടേറ്റ ദയനീയ തോല്‍വിയുടെ ഭാരവുമായാണ് കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയത്. അഞ്ച് ടെസ്റ്റാണ് പരമ്പരയിലുള്ളത്. രോഹിത്തിന്റെ അഭാവത്തില്‍ ഇത് രണ്ടാം തവണയാണ് ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കുത്. 2021-22 സീസണില്‍ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടെസ്റ്റില്‍ ബുംറയായിരുന്നു നായകന്‍. അന്ന് രോഹിത് കോവിഡ് ബാധിതനായതിനെ തുടര്‍ന്നാണ് നായകവേഷം ബുംറയുടെ ചുമലില്‍ എത്തിയത്. ഏതായാലും നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യക്ക് വിജയത്തില്‍ കുറഞ്ഞതൊന്നിനെയും കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top