ദില്ലി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ച് വരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്. അസംബന്ധവും അടിസ്ഥാന രഹിതവുമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പ് കൈമാറിയിട്ടുണ്ട്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 ന് ആണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തെ വലിയ തോതിൽ ബാധിച്ചിരുന്നു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്.