സാമ്പത്തിക വളര്‍ച്ച വേഗക്കുറവും ഉയര്‍ന്ന വാല്യുവേഷനും സൃഷ്ടിച്ച അനിശ്ചിതത്വത്തെത്തുടര്‍ന്നുണ്ടായ ഏകീകരണത്തിനു ശേഷം ഓഹരി വിപണി ശക്തമായ പ്രതിരോധത്തിലൂടെ വീണ്ടെടുപ്പു നടത്തിയിരിക്കയാണ്. ഇന്ത്യന്‍ വിപണിയുടെ ആന്തരിക ശക്തിയാണ് ഇവിടെ വെളിപ്പെടുന്നത്. വിപണിയില്‍ ഈയിടെ അനുഭവപ്പെട്ട ആശ്വാസത്തിന്റെ കാരണങ്ങളിലൊന്ന് ആഗോള സംഘര്‍ഷങ്ങളിലുണ്ടായ അയവാണ്. മിഡിലീസ്റ്റ് സംഘര്‍ഷങ്ങളില്‍ അനുഭവപ്പെട്ട മഞ്ഞുരുക്കം ബ്രെന്റ് ക്രൂഡോയിലിന്റെ വില വര്‍ഷത്തെ കുറഞ്ഞ വില നിലവാരമായ 70 ഡോളറിലെത്തിച്ചു. ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്കും കമ്പനികള്‍ക്കും വലിയ അനുഗ്രഹമാണിത്. പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ കമ്പനികളെ ഇതു സഹായിക്കും.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വില്പനക്കാരായ വിദേശ സ്ഥാപന ഓഹരികളില്‍ ചെറിയ തോതില്‍ ഉണ്ടായ വീണ്ടെടുപ്പും ചെറുകിട നിക്ഷേപകര്‍ പ്രകടിപ്പിച്ച ആവേശവും ആഭ്യന്തര വിപണിക്ക് അനുഗ്രഹമായി. എംഎസ്സിഐയുടെ പുനസന്തുലനം വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ നിര്‍ണ്ണായകമായി. ഇത് ആഭ്യന്തര വിപണിക്ക് ഉത്തേജനം പകര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സര്‍ക്കാറിന്റെ ചെലവഴിക്കല്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയും ശക്തമായ യൂണിയന്‍ സര്‍ക്കാരും വിപണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. തുടര്‍ച്ചയായ സര്‍ക്കാര്‍ ചെലവഴിക്കല്‍ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്ന കാര്യത്തില്‍ നിക്ഷേപകര്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നും രണ്ടും പാദങ്ങളെയപേക്ഷിച്ച് മൂന്നാം പാദത്തില്‍ അറ്റാദായം വര്‍ധിക്കുമെന്നാമ് കരുതുന്നത്.
യു.എസ് വിലക്കയറ്റ സൂചിക നിക്ഷേപകര്‍ പ്രതീക്ഷയോടെ വിലയിരുത്തുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിസമ്പറില്‍ ഫെഡ് പലിശ നിരക്ക് നിര്‍ണയിക്കുക. ആഗോള സാമ്പത്തിക പ്രവണതകളും നയപരമായ തീരുമാനങ്ങളും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നതു തുടരും. ഫെഡ് മേധാവിയുടെ പ്രസംഗവും ഈയിടെ നടന്ന യോഗത്തിന്റെ മിനിട്‌സും വിലകള്‍ കുറയുമെന്നും വിപണിക്കു ഗുണകരമാകുമെന്നും പ്രതീക്ഷ മുന്നോട്ടുവെയ്ക്കുന്നുണ്ട്. പുതിയ ഭരണകൂടത്തിനു കീഴില്‍ യുഎസ് നയങ്ങളുടെ പരിണതഫലം എന്താവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടെങ്കിലും പലിശ കുറയ്ക്കല്‍ തുടരുമെന്നാണ് ഫെഡ് യോഗം നല്‍കുന്ന പ്രതീക്ഷ. വരാനിരിക്കുന്ന സാമ്പത്തിക കണക്കുകളുടെ ബലത്തെ ആശ്രയിച്ചായിരിക്കും വിപണിയുടെ സ്ഥിരത. ഡിസംബറിലെ പലിശ കുറയ്ക്കലിനു പുറമെ 2025ലും ഒരു ശതമാനം മുതല്‍ 1.50 ശതമാനംവരെ പലിശ കുറയുമെന്നാണ് കരുതുന്നത്.
ആഭ്യന്തര കുതിപ്പ് വിശാല അടിസ്ഥാനത്തിലായിരുന്നുവെങ്കിലും പദ്ധതി വികസനവുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ്, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ലോഹങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, യന്ത്ര നിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കല്‍ വര്‍ധിക്കുകയും സ്വകാര്യ മേഖലയില്‍ നിക്ഷേപം കൂടുകയും ചെയ്യുന്നതോടെ പുതിയ ഓര്‍ഡറുകള്‍ വരുമെന്ന പ്രതീക്ഷ ഗുണം ചെയ്തിട്ടുണ്ട്. ഈ മേഖലകളുടെ മികച്ച പ്രവര്‍ത്തനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാല പ്രകടനത്തില്‍ വിപണിക്കുള്ള വിശ്വാസവും പ്രതീക്ഷയുമാണ് അടി വരയിടുന്നത്.
ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പണനയ സമിതി നിലപാടില്‍ ഉറച്ചുനില്‍ക്കുകയും വേഗക്കുറവിന്റെ അടിസ്ഥാനത്തില്‍ ജിഡിപി വളര്‍ച്ചാ പ്രതീക്ഷയില്‍ കുറവു വരുത്തുകയും ചെയ്തിട്ടുണ്ട്. 6.5 ശതമാനത്തില്‍ താഴെപ്പോകാത്ത ഈ കുറയ്ക്കല്‍ വിപണി സ്വീകരിച്ചു. 2025 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ വിലക്കയറ്റം നിലനില്‍ക്കുമെങ്കിലും സീസണുമായി ബന്ധപ്പെട്ട തിരുത്തലും കാര്‍ഷിക വിളവെടുപ്പും കാരണം നാലാം പാദത്തോടെ കുറയുമെന്നാണ് കണക്കാക്കുന്നത്. ഈ വെല്ലുവിളികള്‍ക്കിടെ സുസ്ഥിര വളര്‍ച്ചയും നിയന്ത്രിതമായ വിലക്കയറ്റവും കൈവരിക്കും വിധം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇടക്കാലയളവില്‍ ശക്തമായി നിലകൊള്ളുകയാണ്. വളര്‍ച്ചാ വേഗക്കുറവു തുടര്‍ന്നാല്‍ നയപരമായ പിന്തുണ നല്‍കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് പ്രതിജ്ഞാ ബദ്ധമായിരിക്കുമെന്നുറപ്പാണ്. 50 ബിപിഎസ് കുറച്ചുകൊണ്ട് പണത്തിന്റെ കരുതല്‍ അനുപാതം 4 ശതമാനമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ബാങ്കിംഗ് വ്യവസ്ഥയിലേക്ക് 1.16 ലക്ഷം കോടി രൂപ എത്തിച്ചേര്‍ന്നതോടെ പണ ലഭ്യത വര്‍ധിക്കുകയും വായ്പാ വളര്‍ച്ചയ്ക്കു സഹായകമാവുകയും ചെയ്യുന്നു. ബാങ്കുകള്‍ക്കും റിയല്‍ എസ്റ്റേറ്റ്, ഉത്പന്ന മേഖലകള്‍ക്കും ഇത് ഗുണകരമാണ്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ സമീപകാല പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത് അതിന്റെ പ്രതിരോധശേഷിയും വളര്‍ച്ചാ ക്ഷമതയുമാണ്. ആഗോള സംഘര്‍ഷങ്ങളിലുണ്ടായ കുറവ്, ഗുണകരമായ ലാഭ സാധ്യതകള്‍, സഹായകമായ നയ സമീപനങ്ങളിലുള്ള പ്രതീക്ഷ എന്നീ ഘടകങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. വിപണി സാമ്പത്തിക വെല്ലുവിളികള്‍ക്കു നടുവിലൂടെ നീങ്ങുകയും ആഭ്യന്തര, അന്താരാഷ്ട്ര തലത്തില്‍ സുപ്രധാന നയങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുമ്പോള്‍ ജാഗ്രതയും ശുഭാപ്തി വിശാസവുമുണ്ട്. വിപണി പരിസ്ഥിതി മാറുന്നതിനാല്‍ കൂടുതല് നേട്ടമുണ്ടാക്കുന്നതിന് വൈവിധ്യവല്‍ക്കരണത്തില്‍ ഊന്നി ശ്രദ്ധയോടെ വര്‍ത്തിക്കുകയാണു വേണ്ടത്. ഐടി, ഫാര്‍മ, ടെക്സ്‌റ്റൈല്‍സ്, പുനരുപയോഗ ഊര്‍ജം, എഫ്എംസിജി മേഖലകളില്‍ ബഹുവിധ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഗുണകരമായിരിക്കും.